അത് എനിക്കറിയാവുന്ന ഓസിലല്ല, വെംഗര്‍ ആശാന്‍ പറയുന്നു

By Web DeskFirst Published Jul 10, 2018, 5:58 PM IST
Highlights
  • ഓസിലിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ജര്‍മന്‍ ആരാധകര്‍ ഇപ്പോഴും ഉയര്‍ത്തുന്നത്

ലണ്ടന്‍: വര്‍ഷങ്ങള്‍ നീണ്ട ആഴ്സണലിലെ പരിശീലക ജീവിതം അവസാനിപ്പിച്ചെങ്കിലും ഗണ്ണേഴ്സിന്‍റെ മാനേജര്‍ ആരാണെന്നുള്ള ചോദ്യത്തിന് ഇപ്പോഴും ആര്‍സീന്‍ വെംഗറാണെന്ന് പറയുന്നവരായിരിക്കും കൂടുതലും. ഇംഗ്ലീഷ് ക്ലബ്ബുമായും ആരാധകരുമായി അത്രയേറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു വെംഗര്‍.

ഇപ്പോള്‍ തന്‍റെ കളി സംഘത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന മെസ്യൂട്ട് ഓസിലിന്‍റെ പ്രതിഭയെപ്പറ്റി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വെംഗര്‍. ആഴ്സണലിലില്‍ വെംഗറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ഓസില്‍. എന്നാല്‍, നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് റഷ്യന്‍ ലോകകപ്പില്‍ തൊട്ടതെല്ലാം പിഴച്ചപ്പോള്‍ ഗ്രൂപ്പ് റൗണ്ട് കടക്കാതെ നാട്ടിലേക്ക് വണ്ടി കയറേണ്ട അവസ്ഥയായി നാസിപ്പടയ്ക്ക്. അതിന്‍റെ വിമര്‍ശനങ്ങളേറെയും ഓസിലിനെതിരെയാണ് വരുന്നത്.

ലോകകപ്പില്‍ കളത്തില്‍ കണ്ടത് യഥാര്‍ഥ ഓസിലിനെയല്ലെന്നാണ് വെംഗര്‍ പറയുന്നത്. എനിക്ക് ഓസിലിനെ നന്നായി അറിയാം. മറ്റൊരാള്‍ക്കുമില്ലാത്ത പ്രതിഭയുള്ള താരമാണ് അവന്‍. പക്ഷേ, ഓസിലിനെയും ഗുന്ദ്വാനെയും ലോകകപ്പിന് മുമ്പ് സംഭവിച്ച പ്രശ്നങ്ങള്‍ വല്ലാതെ അലട്ടി. മികച്ച പ്രകടനം നടത്താന്‍ ഒത്തിരിയേറെ പിന്തുണ ആവശ്യമുള്ള താരമാണ് ഓസില്‍. വിവാദങ്ങളില്‍ അവന് താത്പര്യമില്ല.

ഓസില്‍ കളിക്കുന്ന കണ്ടപ്പോള്‍ അവനെ എന്തോ പിന്നോട്ട് വലിക്കുന്നുണ്ടെന്ന് മനസിലായി. എതിര്‍ ടീമിനെ തകര്‍ത്ത് കളയുന്ന ഓസിലിനെ കാണാന്‍ സാധിച്ചില്ലെന്നും വെംഗര്‍ പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് മെസ്യൂട്ട് ഓസില്‍, ഇല്‍ഖായ് ഗുന്ദ്വാൻ എന്നിവരെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനെ സന്ദര്‍ശിച്ചതാണ് ഓസിലിനും ഗുന്ദ്വാനും തിരിച്ചടിയായത്. പക്ഷേ, ഇതിന് വഴങ്ങാതിരുന്ന യോവാക്കിം ലോ ഓസിലിനെ കളിപ്പിച്ചെങ്കിലും താരത്തിന് ഫോമിലേക്ക് ഉയരാനായില്ല.

രണ്ടാം മത്സരത്തില്‍ പുറത്തിരുന്ന ഓസില്‍ ദക്ഷിണ കൊറിയക്കെതിരെ തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ആഴ്സണല്‍ താരം കഷ്ടപ്പെടുകയായിരുന്നു. ജര്‍മ്മനിയില്‍ ജനിച്ച ഓസിലും ഗുന്ദ്വാനും തുര്‍ക്കി വംശജരാണ്. താരങ്ങള്‍ രാജ്യസ്നേഹികളല്ലെന്ന ആരോപണമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 

click me!