
ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ മാപ്പ് പറയണമെന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആവശ്യം തള്ളി കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്നില്‍ മന്‍മോഹന്‍സിംഗ് അടക്കമുള്ളവര്‍ക്കൊപ്പം പാക് നയതന്ത്രപ്രതിനിധികള്‍ പങ്കെടുത്തതെന്തിനെന്ന് വ്യക്തമാക്കണമെന്ന് അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. എന്തായിരുന്നു അത്തരമൊരു കൂടിക്കാഴ്ചയുടെ ആവശ്യമെന്നും ജെയ്റ്റ്‌ലി ചോദിച്ചു.
അതേസമയം ഭീകരവാദത്തോട് സന്ധിചെയ്യുന്ന മോദിയുടെ തന്ത്രം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയോട് ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനും ബാധ്യതയുണ്ടെന്നും മറ്റ് ഏത് സര്‍ക്കാരിനേക്കാളും മികച്ച രീതിയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭീകരവാദത്തെ നേരിടുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം വച്ച് മോദി നടത്തിയ തെറ്റായ ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും തെറ്റായ ആരോപണത്തില്‍ മോദി മാപ്പ് പറയണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. മുന്‍പ്രധാനമന്ത്രിയേയും സൈനിക തലവനേയും ഉള്‍പ്പെടെ ഭരണഘടനാപരമായ എല്ലാ വിഭാഗങ്ങളെയും ദുഷിപ്പിക്കുന്നതിലൂടെ അപകടകരമായ പ്രവണതയാണ് മോദി രാജ്യത്ത് സൃഷ്ടിക്കുന്നതെന്ന് ഗുജറാത്തില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ കഴിയാവുന്ന എല്ലാ അധിക്ഷേപവും പുറത്തെടുക്കുകയാണ് മോദിയെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു.
ഉദംപൂരിലെയും ഗുരുദാസ്പൂരിലെയും ഭീകരാക്രമണത്തിന് ശേഷം ക്ഷണിക്കാത്ത കല്യാണത്തിന് പങ്കെടുക്കാന്‍ പാക്കിസ്ഥാനില്‍ പോയ ആളാണ് മോദി.
പത്താന്‍കോട്ടിലെ ഇന്ത്യന്‍ നാവികസേനാ താവളത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ അന്വേഷണം നടത്താന്‍ ഐഎസ്‌ഐയെ വിളിച്ച് വരുത്തിയതും മോദിയാണെന്നും മന്‍മോഹന്‍സിംഗ് ഓര്‍മ്മിപ്പിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, 22 വര്‍ഷമായി ഗുജറാത്തില്‍ തുടരുന്ന ബിജെപി ആധിപത്യം തകര്‍ക്കാന്‍ മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ളവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം.
മന്‍മോഹന്‍സിംഗ്, ഹാമിദ് അന്‍സാരി, മുന്‍ സൈനിക തലവന്‍ ദീപക് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയത്. പാക്കിസ്ഥാനില്‍നിന്നുള്ള മുന്‍മന്ത്രി, മുന്‍ സൈനിക തലവന്‍, ചില മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നാണ് ആരോപണം. ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു മോദി ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ശക്തമായ പ്രതിഷേധമാണ് മോദിയുടെ പ്രചാരണത്തിനെതിരെ ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam