ഇന്ത്യയെ മറികടന്ന് പുതിയ വിമാനവാഹിനി കപ്പല്‍ നീറ്റിലിറക്കി ചൈന

By Web DeskFirst Published Apr 26, 2017, 4:22 PM IST
Highlights

ബീജിംഗ്: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ വിക്രാന്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെ രാജ്യത്ത് തന്നെ നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ചൈന നീറ്റിലിറക്കി. ദക്ഷിണ കൊറിയയില്‍ അമേരിക്ക മിസൈല്‍ പ്രതിരോധസംവിധാനം സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ നടപടി. 2020ഓടെ ചൈനയുടെ വിമാനവാഹിനി കപ്പല്‍ സൈന്യത്തിന്റെ ഭാഗമാകും. ചൈനീസ് നാവികസേനയുടെ 68ാം സ്ഥാപകദിനത്തോടനുബന്ധിച്ചാണ് കപ്പല്‍ നീറ്റിലിറക്കിയത്.

രാജ്യത്ത് തന്നെ ആദ്യത്തെ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചതോടെ അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നീ സൈനിക ശക്തികള്‍ക്ക് മാത്രം അംഗത്വമുണ്ടായിരുന്ന എലൈറ്റ് ക്ലബ്ബില്‍ ചൈനയും ഇടം നേടി. 70000 ടണ്ണാണ് കപ്പലിന്റെ കേവ് ഭാരം. 2013ലാണ് ചൈന കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. 2009ല്‍ ഇന്ത്യ നിര്‍മാണം തുടങ്ങിയ വിക്രാന്ത് ഇതുവരെ നീറ്റിലിറക്കാന്‍ ഇന്ത്യക്കായിട്ടില്ല.

സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റ ഭാഗമായി മാര്‍ച്ചില്‍ പ്രതിരോധ ബജറ്റ് ചൈന കൂട്ടിയിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ അമേരിക്ക ദക്ഷിണകൊറിയയില്‍ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചതില്‍ ചൈന കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. തെക്കന്‍ ചൈനാ കടലില്‍ അമേരിക്ക യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതിനോടും  ചൈനക്ക് യോജിപ്പില്ല. ഇതിന്റെയെല്ലാം സാഹചര്യത്തിലാണ് ചൈന രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ സ്വന്തമാക്കിയത്. ഈ വിമാനവാഹിനിക്ക് അമേരിക്കന്‍ കപ്പലുകളോട് കിടപിടിക്കാന്‍ ആവില്ലെങ്കിലും കൂടുതല്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന്റെ തുടക്കമാവാം ഇതെന്നാണ് അമേരിക്കയുടെ ആശങ്ക.

 

click me!