അഴിമതി ആരോപണം: കൃഷിവകുപ്പ് ഡയറക്ടറെ മാറ്റി

By Web DeskFirst Published Jul 28, 2016, 6:23 AM IST
Highlights

തിരുവനന്തപുരം: അശോക് കുമാർ തെക്കനെ കൃഷിവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി വിജിലൻസ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്. മുൻ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അശോക് കുമാ‍ർ തെക്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2014 - 2015 കാലത്ത് നാളികേര വികസന കോർപ്പറേഷൻ എംഡിയായിരിക്കേ ആണ് അശോക് കുമാർ തെക്കനെതിരെ അഴിമതി ആരോപണം ഉയർന്നത്. ഗുണനിലവാരമില്ലെന്ന് പറഞ്ഞ് കേരഫെഡ് തള്ളിയ ശബരിമല കൊപ്ര സംഭരിച്ചതിലും, ഗോഡൗണിൽ നിന്ന് ഒന്നേമുക്കാൽ കോടി രൂപയുടെ കൊപ്ര കാണാതായതിലും തെക്കനെതിരെ ധനകാര്യ പരിശോധന വിഭാഗം അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ ഫയൽ മുൻ സർക്കാർ പൂഴ്ത്തി.

മാത്രമല്ല, അശോക് കുമാർ തെക്കനെ കൃഷിവകുപ്പിന്റെ ഡയറക്ടറുമാക്കി. ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എംഡിയുടെ അധിക ചുമതലയും നൽകി. പച്ചത്തേങ്ങ സംഭരിക്കാതെ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തെന്ന ആരോപണവും തെക്കനെതിരെ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കാനാണ് കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെ ഉത്തരവ്. വിജിലൻസ് അന്വേഷണത്തെ സ്വാഗതംചെയ്യുന്നുവെന്ന് അശോക് കുമാർ തെക്കൻ പ്രതികരിച്ചു.

click me!