
ഷൂട്ട് ചെയ്തെടുത്ത് എഡിറ്റിങ്ങിനായി ടേബിളിലെത്തിച്ച വാർത്ത അവസാന നിമിഷം കീഴ്മേൽ മറിയുന്നത് ദൃശ്യമാധ്യമ പ്രവർത്തകർ ദിവസേന കടന്നുപോകുന്ന അനുഭവമാണ്. മുന്നിൽകണ്ട ജീവിതത്തിന്റെ തീവ്രതയനുസരിച്ച് ആ നിമിഷം നിരാശയോ കടുത്ത ദുഖമോ ക്ഷോഭമോ ഒക്കെ വരാം. ക്യാമറാമാൻ വിപിൻ മുരളിക്കൊപ്പമെത്തി ഇന്നലെ വൈകുന്നേരം കണ്ണൂർ മൈതാനപ്പള്ളിയിലെ 15 വയസ്സുകാരൻ ഫിറോസിനെ കുറിച്ച് എടുത്ത വാർത്ത മിനിട്ടുകളുടെ വ്യത്യാസത്തിൽ പാടെ മാറിപ്പോയത് ഒരു മരണത്തോടെയാണ്. സ്വന്തം ജീവിതം വച്ചുനീട്ടി കളിക്കൂട്ടുകാരനെയും അനിയനെയും അഴിമുഖത്തെ ചുഴിനിറഞ്ഞ കയത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ച ഫിറോസിന്റെ തന്നെ മരണത്തോടെ.
വ്യാഴാഴ്ച്ചയാണ് വീടും നാടും ഒന്നിച്ച് സങ്കടക്കയത്തിൽ മുങ്ങിപ്പോയ ദുരന്തമെത്തിയത്. കടലായി അഴിമുഖത്തോടു ചേരുന്ന കാനാമ്പുഴയിലെ വെള്ളത്തിൽ വീണ പന്തിലൂടെ. മണൽപ്പരപ്പിലെ പതിവ് ഫുട്ബോൾ കളിക്കിടെ വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ ആദ്യമിറങ്ങിയത് അനിയൻ ഫഹദാണ്. ഫഹദും പിന്നാലെ സഹായിക്കാനിറങ്ങിയ കളിക്കൂട്ടുകാരനും കയത്തിൽ പെട്ടു. കളിക്കൂട്ടുകാരനും അനിയനും മുങ്ങിത്താഴുമ്പോൾ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു ഫിറോസിന്. അഴിയിലിറങ്ങി അനിയനെയും കൂട്ടുകാരനെയും തുഴഞ്ഞ് കരയ്ക്കെത്തിച്ച ഫിറോസിന്റെ ഇളംമനസിലെ പ്രതീക്ഷകളെ താളം തെറ്റിച്ചത് അടിത്തട്ടിലെ കുഴഞ്ഞ് ഒട്ടുന്ന ചെളിയാണ്.
രണ്ടുപേരെയും വെള്ളത്തിന് മുകളിലേക്ക് തള്ളിയെത്തിച്ച ശ്രമകരമായ ദൗത്യത്തിന് ശേഷം ഏറെനേരം പിടിച്ചു നിൽക്കാനുള്ള കരുത്ത് ആ ഒൻപതാം ക്ലാസുകാരന്റെ കുഞ്ഞു ശരീരത്തിനുണ്ടായിരുന്നില്ല. ബഹളം കേട്ട് നാട്ടുകാരെത്തി ഫഹദിനെയും കൂട്ടുകാരനെയും വലിച്ചുകയറ്റിയപ്പോൾ ഫിറോസ് ഒട്ടുന്ന ചെളിയിൽ പുതഞ്ഞു പോയിരുന്നു. കല്ലിൽ തട്ടിയുണ്ടായ കാലിലെ മുറിവിലൂടെ രക്തംവാർന്ന് ബോധം മറഞ്ഞ അനിയൻ ഫഹദിന് ഇക്ക വെള്ളത്തിനടിയിലായെന്ന് പറയാനുമായില്ല. രണ്ടുപേരെ കരയ്ക്ക് കയറ്റിയ ആശ്വാസത്തിൽ നാട്ടുകാർ നിൽക്കുമ്പോൾ ഫിറോസ് ചെളിയിൽ പുതഞ്ഞ് പിടയുകയായിരുന്നു. പിന്നെയും മിനിറ്റുകൾ കഴിഞ്ഞ് ഫഹദിന് ബോധം തെളിയേണ്ടി വന്നു ഫിറോസ് വെള്ളത്തിനടിയിലുണ്ടെന്ന് വന്നവർ അറിയാൻ. പിന്നീട് അഞ്ച് ദിവസം ഒന്ന് ശ്വാസമെടുക്കാനാകാതെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലായിരുന്നു ഫിറോസ്.
ഈ കാത്തിരിപ്പിന്റെ വാർത്തയായിരുന്നു മൈതാനപ്പള്ളിയിലെ അവരുടെ കുഞ്ഞുവീട്ടിലെത്തി പകർത്തിയത്. അത് ഫിറോസ് മരിക്കുന്നതിന് മുൻപ് ലോകം കാണേണ്ടതായിരുന്നു. താംലുവാങ് ഗുഹയിലെ രക്ഷാപ്രവർത്തനം ലോകം ഉറ്റുനോക്കുമ്പോൾ അതുപോലൊരു കർത്തവ്യത്തിനൊടുവിൽ കുഞ്ഞു ഫിറോസ് ജീവനു വേണ്ടി മല്ലിടുന്നതും അവന്റെ കുടുംബം പണമില്ലാതെ തകർന്ന് നിൽക്കുന്നതും നാടറിയണമായിരുന്നു.
ആറരയോടെ ഇൻട്രോ ഡെസിക്കിലേക്ക് അയച്ച്, ദൃശ്യങ്ങൾ ചേർത്ത് വാർത്ത പൂർത്തിയാക്കി. ന്യൂസ് ഡെസ്ക്കിൽ അറിയിച്ച് അയക്കാൻ ഒരുങ്ങുമ്പോൾ ആശുപത്രിയിൽ നിന്ന് ബന്ധുവിന്റെ വിളിയെത്തുന്നു. ഫിറോസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നറിയിച്ചുള്ള വിളിയോടെ തയാറാക്കി വെച്ച മുൻ വാർത്ത ഒരു വിങ്ങലായി കീഴ്മേൽ മറിയുന്നു. മരണമുറപ്പിച്ച് വീണ്ടും വിളിയെത്തിയതോടെ ചെയ്തതെല്ലാം മായ്ച്ച് ഒരു ജീവന് വേണ്ടി തയാറാക്കിയ വാർത്ത മിനിട്ടുകളുടെ വ്യത്യാസത്തിൽ മരണവാർത്തയായി.
വേദനയോടെ. അതിലേറെ നിസഹായതയോടെ ഫിറോസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി മരണത്തിന്റെ അനിവാര്യമായ വരവിന് ഡോക്ടർമാർ വിട്ടുകൊടുക്കുമ്പോൾ, ‘ഇക്കയൊന്ന് വീട്ടിൽ വന്നാൽ മതി അള്ളാ’ എന്ന അനിയൻ ഫഹദിന്റെ പ്രാർത്ഥനയും കണ്ണുനീരും നിറഞ്ഞ ബൈറ്റ് ഞങ്ങൾക്ക് മുൻപിലിരിക്കുന്നുണ്ടായിരുന്നു. (എന്നിട്ടും ഫഹദിന്റെ ആ ബൈറ്റ് തന്നെയാണ് പിന്നീടുള്ള വാർത്തകളിലും കൊടുത്തത്. അത്രമേലുണ്ടായിരുന്നു ആ അനിയന്റെ കാത്തിരിപ്പിന്റെ തീവ്രത..
ക്യാമറയോ മൈക്കോ ഇല്ലാതെ മൈതാനപ്പള്ളിയിലെ ഖബറസ്ഥാനിൽ ഇന്ന് ഞങ്ങൾ ചെന്നു. അനേകം മീസാൻ കല്ലുകൾക്കിടയിൽ മണൽത്തരികൾ മൂടിയ അധികം വലിപ്പമില്ലാത്ത ഒരു പുതിയ ഖബറിൽ ഫിറോസുണ്ട്. അവൻ കളിച്ച തീരത്തോടും തിരകളോടും അടുത്ത് തന്നെ. പിന്നെ, ആ പന്ത് ഇനിയും തിരിച്ച് കിട്ടിയിട്ടില്ല. കാറ്റുനിറച്ച പന്ത് കടലിൽ ചേർന്ന് ദിക്കറിയാതെ ഒഴുകുമ്പോൾ ഫിറോസും അനിയനും ചേർന്ന് വരച്ചുണ്ടാക്കിയ ഇഷ്ട ടീമായ ഫ്രാൻസിന്റെ പോസ്റ്റർ ആ കൊച്ചുവീടിന് മുകലിൽ ഇപ്പോഴും ഒട്ടിച്ചു വെച്ചിട്ടുണ്ട്. ഫ്രാൻസിന് വേണ്ടി റഷ്യയിൽ ആരവങ്ങൾ ഉയരുന്നുണ്ട്... മരിച്ചവർ നക്ഷത്രങ്ങളായി വഴികാട്ടുമെന്ന വിശ്വാസം ശരിയെങ്കിൽ ഫഹദിനും ഫിറോസിനുമിടയിൽ, നല്ല മേൽക്കൂര പോലുമില്ലാത്ത ആ കുഞ്ഞുവീട് ആകാശത്തോളം വിശാലമാകുമായിരിക്കും.
അവൻ തിരിച്ചുവന്നിരുന്നുവെങ്കിൽ താംലുവാങ് ഗുഹയിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ച കുരുന്നുകളുടെ പുഞ്ചിരിക്കൊപ്പം അവന്റെയും കളിക്കൂട്ടുകാരുടെയും ചിരിയുണ്ടായിരുന്നെങ്കിൽ കാണാനെന്ത് അഴകുണ്ടാകുമായിരുന്നു എന്ന ചിന്ത ഇപ്പോഴും പിടിച്ച് വലിച്ചു കൊണ്ടേയിരിക്കുന്നു. വലുതാകുമ്പോൾ ആ കാൽപ്പന്തുകളി കമ്പക്കാരൻ ആരാകുമായിരുന്നുവെന്നും...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam