അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പേരിന് പോലും പ്രവര്‍ത്തിക്കാതെ റോഡ് സേഫ്ടി അതോറിറ്റി

By Web DeskFirst Published Nov 22, 2017, 10:30 AM IST
Highlights

തിരുവനന്തപുരം: വാഹനങ്ങളുടെ എണ്ണം മാത്രമല്ല ദിനം പ്രതി ഉണ്ടാകുന്ന വാഹാനപകടങ്ങളുടേയും ഞെട്ടിപ്പിക്കുന്ന കണക്കാണ് കൊച്ച് കേരളത്തിന് പറയാനുള്ളത്. രാജ്യത്താകെ നടക്കുന്ന അപകടങ്ങളുടെ പത്ത് ശതമാനവും കേരളത്തിൽ നിന്നായിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാറിന് പദ്ധതി ഒന്നുമില്ല. റോഡപകടങ്ങളുടെ നിരക്ക് കുറക്കാനായി രൂപീകരിച്ച റോഡ് സേഫ്ടി അതോറിറ്റിയാകട്ടെ പേരിന് പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥയിലുമാണ്.

റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കാൻ 2006 ലാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് സേഫ്ടി അതോറിറ്റിക്ക് രൂപം നൽകിയത്. ട്രാഫിക് ബോധവത്കരണം മുതൽ റോഡിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ വരെ പലവിധ ഉത്തരവാദിത്തങ്ങൾ.സംസ്ഥാനത്ത് റോഡുകളില്‍ മനുഷ്യജീവന്‍ പൊലിയുന്നത് തുടര്‍ക്കഥയാകുമ്പോഴും അപകടങ്ങള്‍ തടയാനായി ചുമതലപ്പെട്ട റോഡ് സുരക്ഷ അതോറിറ്റിക്ക് വകയിരുത്തിയ തുകയില്‍ 52 കോടിയോളം രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ പറയുന്നത്.

മോട്ടോര്‍ വാഹന സെസ്സ് കോമ്പൗണ്ടിംഗ് ഫീസ് എന്നിവ വഴിയാണ് ഫണ്ടെത്തുന്നത്. ജില്ലാതലസമിതികൾ പോലും സംസ്ഥാനത്ത് നി‍ര്‍ജ്ജീവാവസ്ഥലിലാണ്.
രാജ്യത്തെ ജനസംഖ്യയിൽ കേരളത്തിന്റെ വിഹിതം വെറും മൂന്ന് ശതമാനമാണ്. റോഡപകടങ്ങളുടെ കണക്കെടുത്താൽ പക്ഷെ  പത്ത് ശതമാനവും കേരളത്തിൽ നിന്നാണ്.

പ്രതിദിനം നിരത്തിലോടുന്നത് ഒരു കോടി വാഹനങ്ങളെന്നാണ് കണക്ക്. വര്‍ഷമുണ്ടാകുന്നത് ശരാശരി 40000 വാഹനാപകടങ്ങളും.  ദിവസം ശരാശരി 11 പേര്‍ മരിക്കുന്നു 120 പേര്‍ക്ക് പരിക്കേൽക്കുന്നു. 2016 ൽ 39420 വാഹനാപടങ്ങൾ. 4287 മരണം. 44108 പേര്‍ക്ക് പരിക്ക്. ഈ വര്‍ഷം ഏപ്രിൽ വരെ മാത്രം 13000 അപകടം. 1330 പേര്‍ക്ക് ജീവൻ നഷ്ടമായി. അതായത് നാറ്റ് പാക്കിന്റെ കണക്കനുസരിച്ച് കേരളത്തിൽ മൂന്നാമത്തെ വലിയ മരണകാരണം റോഡപകടങ്ങളാണെന്നാണ്.

വാഹനങ്ങളുടെ പെരുപ്പത്തിനൊപ്പം  റോഡുകളുടെ നിലവാര ത്തകര്‍ച്ചയും അപകടങ്ങൾക്ക്  കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിൽ മാത്രമല്ല അപകടരഹിതമായ യാത്രക്കുള്ള ബോധവത്കരണത്തിലും സര്‍ക്കാര്‍ സംവിധാനങ്ങൾ വരുത്തുന്നത് വൻ വീഴ്ചയാണ്. 

click me!