ഹൈദരബാദ് വനസ്തലിപുരയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ മുൻ ഭർത്താവ് കൊലപ്പെടുത്തി. 30കാരിയായ സുനിതയാണ് കൊല്ലപ്പെട്ടത്

ബെംഗളൂരു: ഹൈദരബാദ് വനസ്തലിപുരയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ മുൻ ഭർത്താവ് കൊലപ്പെടുത്തി. 30കാരിയായ സുനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുൻ ഭര്‍ത്താവ് മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് അതിദാരുണമായ കൊലപാതകം നടന്നത്. 2022 ലായിരുന്നു സുനിതയുടേയും മഹേഷിന്‍റേയും വിവാഹം. കാനഡിയിലാണ് മഹേഷ് ജോലി ചെയ്തിരുന്നത്. വിവാഹ ശേഷം സുനിതയും കാനഡയിലേക്ക് മാറി. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം സുനിത തിരിച്ച് നാട്ടിലേക്ക് വരികയും മഹേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയുമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

2024 ല്‍ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞു. പിന്നീട് സുനിത മറ്റൊരു വിവാഹം കഴച്ചു. പിന്നാലെ 2025 ല്‍ മഹേഷ് നാട്ടിലെത്തി. അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അയാൾ എത്തിയത്. എന്നാല്‍ തിരിച്ച് കാനഡയ്ക്ക് പോകാൻ സാധിച്ചില്ല. സുനിത മഹേഷിനെതിരെ നല്‍കിയ കേസുകളായിരുന്നു കാരണം. ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട് മഹേഷിന്‍റെ പാസ്പോർട്ട് സസ്പെന്‍റ് ചെയ്തിരുന്നു. കാനഡയ്ക്ക് മടങ്ങാൻ സാധിക്കാത്തതിനാല്‍ ഇയാള്‍ക്ക് ജോലി നഷ്ടമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സോഷ്യല്‍ മീഡിയ വഴി സുനിതയുടെ അഡ്രസ് കണ്ടുപിടിച്ച മഹേഷ് സ്ഥലത്തെത്തി അടുത്തുള്ള ഒരു ഹോസ്റ്റലില്‍ താമസം ആരംഭിച്ചിരുന്നു. രണ്ട് മാസം മുന്‍പാണ് കൃത്യം പ്ലാന്‍ ചെയ്ത് മഹേഷ് സ്ഥലത്തെത്തിയത്. കൊലപാതകം നടന്ന ദിവസം പ്രതി സുനിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് തുടരെ കുത്തുകയായിരുന്നു. പിന്നാലെ ചെടിച്ചട്ടി എടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് തന്നെ സുനിത മരിച്ചു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മഹേഷിനെ അറസ്റ്റ് ചെയ്തു. സുനിത മൂന്നുമാസം ഗർഭിണിയായിരുന്നെന്നാണ് ഭര്‍ത്താവ് ശ്രീനാഥ് പറയുന്നത്. എന്നാല്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ അത്തരം കാര്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറയുന്നു.

YouTube video player