
ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റിന് പുറത്ത് ഉണ്ടായ വെടിവെയ്പ്പിലും ആക്രമത്തിലും ഏറ്റുമുട്ടലിലും നാലു പേര്‍ മരിച്ചു. ഒരു പൊലീസുകാരനും അക്രമിയും ഉള്‍പ്പടെയാണ് നാലുപേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയശേഷമായിരുന്നു അക്രമി വെടിയുതിര്‍ത്തത്. കാറിടിച്ചുകയറ്റിയപ്പോള്‍ ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. പിന്നീട് അക്രമിയുടെ കുത്തേറ്റ പൊലീസുകാരനും മരിച്ചു. അതിനുശേഷമാണ് അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്‌ത്തിയത്.
പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 3.40നായിരുന്നു സംഭവങ്ങളുടെ തുടക്കം. വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ കാല്‍നടയാത്രക്കാരെ ഇടിച്ചുവീഴ്‌ത്തിയ എത്തിയ അക്രമി, പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍വെച്ച് പുറത്തിറങ്ങി വെടിയുതിര്‍ക്കുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന പൊലീസുകാരനെ കുത്തുകയുമായിരുന്നു. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു വീഴ്‌ത്തി. ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്തുണ്ടായത് ഭീകരാക്രമണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. പാര്‍ലമെന്റിന് പുറത്ത് അക്രമം ഉണ്ടായതിനെ തുടര്‍ന്ന് അധോസഭയിലെ നടപടികള്‍ നിര്‍ത്തിവച്ചു. മന്ത്രിമാരെയും എംപിമാരെയും പാര്‍ലമെന്റിനുള്ളിലെ അതീവ സുരക്ഷായിടങ്ങളിലേക്ക് മാറ്റി. സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് പാര്‍ലമെന്റ്. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമം ഉണ്ടായത് എന്നതിനാല്‍ കനത്ത സുരക്ഷാ വീഴ്‌ച ഉണ്ടായതായാണ് വിലയിരുത്തല്‍. പാര്‍ലമെന്റ് പരിസരം കനത്ത പൊലീസ് സുരക്ഷയിലാണ്. സ്ഥലത്തേക്ക് ഒരാളെ പോലും കടത്തിവിടുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam