
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണ ബിജെപിയില്‍ ചേർന്നു. വൈകീട്ട് അഞ്ച് മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ എസ്.എം കൃഷ്ണയ്ക്ക് പാര്‍ട്ടി അംഗത്വം നൽകി.
ജനുവരി 28 നാണ് എസ് എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത് എന്നായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവായിട്ടും തഴയപ്പെട്ടത് കൃഷ്ണയെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു.
കൃഷ്ണയുടെ വരവ് കര്‍ണാടകത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
എണ്‍പത്തിനാലുകാരനായ കൃഷ്ണ 1968 ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. 1999 ഒക്ടോബര്‍ 11 മുതല്‍ 2004 മെയ് 24 വരെ കര്‍ണാടക മുഖ്യമന്ത്രിയായും 2004 ഡിസംബര്‍ 12 മുതല്‍ 2008 മാര്‍ച്ച് 5 വരെ മഹാരാഷ്ട്ര ഗവര്‍ണറായും എസ് എം കൃഷ്ണ സേവനം അനുഷ്ഠിച്ചു. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. 2009 മെയ് 23 മുതല്‍ 2012 ഒക്ടോബര്‍ 28 വരെ മൂന്ന് വര്‍ഷത്തോളമായിരുന്നു കൃഷ്ണ കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam