കേന്ദ്രം കെജ്രിവാൾ സർക്കാരിനെ പിരിച്ചുവിടുമോ?: ദില്ലിയിലേത് അസാധാരണ നാടകം

By Web DeskFirst Published Feb 24, 2018, 8:42 AM IST
Highlights


ദില്ലി: ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് അസാധാരണ രാഷ്ട്രീയ നാടകങ്ങളാണ് ദില്ലിയില്‍ അരങ്ങേറുന്നത്. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിടാനുള്ള നീക്കം നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നു. രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസമായി ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ അനുസരിക്കുന്നില്ല. ഫയലുകള്‍ നീങ്ങുന്നില്ല. സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനവുമെല്ലാം സ്തംഭിച്ചിരിക്കുകയാണ്. അസാധാരണ പ്രതിസന്ധിയാണ് ദില്ലിയില്‍ ദൃശ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ഉദയം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രധാനമായ രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നായിരുന്നു. ആദ്യ ദിനം മുതല്‍ കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഈ കിടമത്സരം ഇപ്പോള്‍ ഒരു മുഖ്യമന്ത്രിയുടെ വീട്ടില്‍ പോലീസ് കയറി പരിശോധന നടത്തുന്നതിലേക്കും സിസിടിവികള്‍ പിടിച്ചെടുക്കുന്നതിലേക്കും നയിച്ചിരിക്കുന്നു. 

ഉദ്യോഗസ്ഥര്‍ വീണ്ടും ജോലി ചെയ്തു തുടങ്ങുമെന്ന ഉറപ്പ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നല്കിയിട്ടുണ്ട്. എങ്കിലും അച്ചടക്ക നടപടി എടുക്കാന്‍ അധികാരമുള്ള കേന്ദ്രത്തിന്റെ പിന്തുണയാണ് ദില്ലിയിലെ ഉദ്യോസ്ഥര്‍ക്ക് ബലം നല്‍കുന്നത്. ബിജെപി എരിതീയില്‍ എണ്ണയൊഴിക്കാനുള്ളതെല്ലാം രഹസ്യമായി ചെയ്യുന്നുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഭരണപ്രതിസന്ധി രൂക്ഷമാകും. 

ഇതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുളള നീക്കം നടത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. അങ്ങനെ ചെയ്താല്‍ കെജ്രിവാളിന് അനാവശ്യമായ രക്തസാക്ഷി പരിവേഷം കിട്ടുമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ നരേന്ദ്രമോദിയും അമിത് ഷായും എങ്ങനെ ചിന്തിക്കുന്നുവെന്ന് തല്ക്കാലം പാര്‍ട്ടി നേതാക്കള്‍ക്കു പോലുമറിയില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തലസ്ഥാനത്ത് അരങ്ങേറാന്‍ പോകുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.
 

click me!