
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ചെങ്ങന്നൂരിലെ വമ്പൻ ജയത്തിന്‍റെ കരുത്തുമായാണ് ഭരണ പക്ഷം സഭയിലെത്തുന്നത്. കെവിൻ വിഷയമുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷനീക്കം. ചെങ്ങന്നൂരിൽ തിളക്കമാര്‍ന്ന ജയം നേടിയ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ. നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിവസം ഭരണപക്ഷത്തിന് ആഘോഷത്തിന്‍റേത്.
ചെങ്ങന്നൂര്‍ തോല്‍വിയെ ചൊല്ലി തമ്മിലടിക്കുന്ന പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ പോന്ന ആഘോഷമാണ് ഭരണപക്ഷത്തിന്റേത്. പാര്‍ട്ടിയിലെ പരസ്യകലാപത്തിന് നേതൃത്വം നല്‍കുന്നത് എം.എല്‍.എമാര്‍ തന്നെയെന്നത് പ്രതിപക്ഷത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്. സമ്മേളനത്തിനിടെ വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് കോണ്‍ഗ്രസിലെ കലാപമെന്നതും ശ്രദ്ധേയം. പ്രതിപക്ഷ പ്രവര്‍ത്തനത്തിനെതിരായ വിമര്‍ശനങ്ങളുടെ മുനയൊടിക്കാൻ പ്രതിപക്ഷ നേതാവിന് സഭാ തലത്തിലെ ആദ്യ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തിയേ തീരൂ.
കെവിന്‍റെ കൊലപാതകം ,വാരാപ്പുഴ കസ്റ്റഡി കൊലപാതകം ,ജസ്നനയുടെ തിരോധാനം തുടങ്ങിയ ആയുധങ്ങളുണ്ട് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്. ചെങ്ങന്നൂരിൽ പിന്തുണച്ച കെ.എം മാണിയും കൂട്ടരും യു.ഡി.എഫിനോടൊപ്പമാകുമോയെന്നും നിയമസഭാ സമ്മേളനത്തിൽ അറിയാം. 21 വരെ നീളുന്ന സഭ സമ്മേളനത്തില്‍ കേരള മുന്‍സിപ്പാലിറ്റി ബിൽ , സംസ്കൃത സർവകലാശാല ഭേദഗതി ബില്‍ , കേരള സർവകലാശാല ഭേദഗതി ബില്‍ , അടക്കം ബില്ലുകള്‍ പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam