വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച അധ്യാപികയെ കസ്റ്റഡിയിൽ വിട്ടു

By Web DeskFirst Published Apr 20, 2018, 2:31 PM IST
Highlights
  • നിലവിൽ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിർമലാദേവി. 

കോയമ്പത്തൂര്‍: കോളേജ് വിദ്യാർത്ഥിനികളെ അനാശാസ്യത്തിന്  പ്രേരിപ്പിച്ച  അധ്യാപിക നിർമലാദേവിയെ അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. സാത്തൂർ കോടതിയുടെയാണ് നിർദേശം. നിലവിൽ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിർമലാദേവി. 

ബി.എസ്​.സി മാത്​സ് മൂന്നാം വർഷ വിദ്യാർഥിനികളായ നാലുപേരെ മധുര കാമരാജ്​ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്​ഥരുടെ ഇംഗിതത്തിന്​ വഴങ്ങാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗവർണർ നിയോഗിച്ച മുൻ ഐ എ സ് ഓഫിസർ ആർ സന്താനവും അന്വേഷണം നടത്തുന്നുണ്ട്. അതേ സമയം  സംഭവത്തിൽ ആരോപണ വിധേയനായ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ ഇന്നും പ്രതിഷേധം  ഉയർന്നു.

ആരോപണ വിധേയനായ ഗവർണർ വിജയകാന്തിന്റെ ഡി എം ഡി കെ പാർട്ടിയും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുമാണ് ഇന്ന് രാജ്ഭഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. സ്ഥാനമൊഴിയണമെന്നും   അന്വേഷണച്ചുമതല സ്വതന്ത്ര്യ ഏജൻസിക്ക് കൈമാറണമെന്നുമാണ് ആവശ്യം. പ്രതിഷേധം തടഞ്ഞ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ പരീക്ഷകളിൽ കൂടുതൽ മാർക്ക്​ ലഭിക്കുമെന്നും സർവകലാശാലയിൽനിന്ന്​ ഡോക്​ടറേറ്റ്​ ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ്​ നിർമലാദേവി വിദ്യാർഥിനികളെ ​പ്രലോഭിപ്പിച്ചത്​. ഇവരുടെ ഇരുപത്​ മിനിറ്റ്​ നീണ്ട ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ്​ നടപടി.

click me!