പുരി ക്ഷേത്ര ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ വഴി തടഞ്ഞു; ഭാര്യയ്ക്കെതിരെ കയ്യേറ്റം

By Web DeskFirst Published Jun 28, 2018, 7:42 PM IST
Highlights
  • പുരി ജില്ലാ ഭരണകൂടത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍

ഭുവനേശ്വര്‍: ഒറീസയിലെ അതിപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും അപമാനിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ക്ഷേത്ര ദര്‍ശനത്തിനിടെ ഒരു കൂട്ടം ക്ഷേത്ര പരിചാരകര്‍ ശ്രീകോവിലിനു സമീപം രാഷ്ട്രപതിയുടെ വഴി തടഞ്ഞെന്ന് പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രപതിയുടെ ഭാര്യ സവിതയെ കയ്യേറ്റം ചെയ്തതതായും റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ച് 18ാം തിയതിയാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു. രാഷ്ട്രപതിയുടെ സുരക്ഷ ഉറപ്പാക്കേണ്ട ക്ഷേത്രം പരിചാരകര്‍ തന്നെയാണ് വഴി തടഞ്ഞതെന്നും ഭാര്യയെ തള്ളി മാറ്റിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാംനാഥ് കോവിന്ദിന്‍റെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ 6.35 മുതല്‍ 8.40 വരെ ആരെയും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാതെ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

വിഷയത്തില്‍ രാഷ്ട്രപതി ഭവന്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ രാഷട്രപതി ഭവന്‍ പുരി കളക്ടര്‍ അരവിന്ദ് അഗര്‍വാളിന് കത്തയച്ചു. കളക്ടറുടെ ഇടപെടലിന് പിന്നാലെ ക്ഷേത്രത്തിലെ മൂന്ന് പരിചാരകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്‍റെ മിനിട്ട്സ് പുറത്തുവന്നതോടെയാണ് രാജ്യത്തെ പ്രഥമപൗരന്‍ അപമാനിക്കപ്പെട്ട കാര്യം പുറത്തായത്. പുരി ജില്ലാ ഭരണകൂടത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

click me!