മരണാനന്തര ചടങ്ങുകള്‍ക്കിടെ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റിനായി പിടിച്ചെടുത്തു

By web deskFirst Published Mar 8, 2018, 8:13 PM IST
Highlights
  • ഡ്യൂട്ടി ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് ബന്ധുക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഏറ്റുവാങ്ങി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ആലപ്പുഴ: മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനായി കൊണ്ടുപോയി. ഹരിപ്പാട് തുലാംപറമ്പ് വടക്ക് ചാലക്കര കിഴക്കതില്‍ ഗോപിനാഥന്‍ (65) ന്റെ മൃതദേഹമാണ് ഹരിപ്പാട് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പിടിച്ചെടുത്തത്. 

ചൊവ്വാഴ്ച ഉച്ച ഭക്ഷണത്തിന് ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കുന്നതിനിടെ ഗോപിനാഥന്‍ പെട്ടെന്ന് ബോധക്ഷയമുണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് ബന്ധുക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഏറ്റുവാങ്ങി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടില്‍ കൊണ്ടുവരികയും പൊതുദര്‍ശനത്തിന് ശേഷം മരണാനന്തര ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. 

ഇതിനിടയില്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നിന്നും വാര്‍ഡ് കൗണ്‍സിലര്‍ മുഖാന്തിരം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി മനോജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മൃതദേഹം വീണ്ടും താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടം നടത്തി. ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്തതെന്ന് സി ഐ പറഞ്ഞു. പോസറ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തുടര്‍ന്നാണ് സംസ്‌കാരം നടത്തിയത്. 

click me!