ഇരട്ടകള്‍ ഉറപ്പിച്ചു; ഇത്തവണ എസ്എസ്എല്‍സിക്ക് സ്‌കൂളിന് ചരിത്ര നേട്ടം നേടിക്കൊടുക്കും

By web deskFirst Published Mar 8, 2018, 7:09 PM IST
Highlights
  • കയ്പമംഗലം ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അപൂര്‍വ സംഘം ഇക്കുറി പത്താം തരം പരീക്ഷയെളഴുതുന്നത്.

തൃശൂര്‍: ചെന്ത്രാപ്പിന്നിയിലെ ഇരട്ടക്കൂട്ടം മലയാളം പരീക്ഷകള്‍ എഴുതി തീര്‍ന്നതോടെ വിജയം ഉറപ്പിച്ചു.  പ്രതീക്ഷിച്ച ചോദ്യങ്ങളെല്ലാം വന്നുവെന്നും എല്ലാ ഉത്തരവും എഴുതാന്‍ കഴിഞ്ഞെന്നും എട്ട് ഇരട്ട സഹോദരങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കയ്പമംഗലം ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അപൂര്‍വ സംഘം ഇക്കുറി പത്താം തരം പരീക്ഷയെളഴുതുന്നത്. കെ.പി.സുമിത്ത്, കെ.പി.സുസ്മിത്ത്, ധന്യ ധര്‍മ്മന്‍, ദിവ്യ ധര്‍മ്മന്‍, പി.എ.സജ്‌ന, പി.എ.ഷബ്‌ന, സി.എ.അവന്തിക, സി.എ.അമാനിക, കെ.എസ്.അഭിരാമി, കെ.എസ്.ആതിര, കെ.ആര്‍.രുക്‌സാന, കെ.ആര്‍.ആസിഫ്, ടി.എന്‍.ഷുഹെയ്ബ്, ടി.എന്‍.സുഹെയ്ല്‍, ടി.എന്‍.മുഹമ്മദ് അസീബ്, ടി.എന്‍.മുഹമ്മദ് അസ്ലം എന്നിവരാണ് ഈ ഇരട്ട താരങ്ങള്‍.

സുമിത് - സുസ്മിത്, ധന്യ-ദിവ്യ, അസ്ലം-അസീബ് സഹോദരങ്ങള്‍ക്ക് മാത്രമേ ഒരേമുറിയില്‍ പരീക്ഷയ്ക്കിരിക്കാന്‍ കഴിഞ്ഞുള്ളൂ. അവന്തിക-അനാമിക, ഷബ്‌ന-സജ്‌ന, അഭിരാമി-ആതിര, സുഹൈല്‍-സുഹൈബ്, ആസിഫ്-റുക്‌സാന സഹോദരങ്ങള്‍ക്ക് വ്യത്യസ്ത മുറികളിലായിരുന്നു പരീക്ഷ. 

രണ്ടാം ദിവസവും പരീക്ഷ കഴിഞ്ഞിറങ്ങിയ എല്ലാവരുടെയും മുഖത്ത് തെളിഞ്ഞത് ആത്മവിശ്വാസവും സന്തോഷവും. സ്‌കൂള്‍ മുറ്റത്ത് മാധ്യമപ്രവര്‍ത്തകരും ക്യാമറകളും കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ ഇവരിലും കൗതുകം. ആദ്യ രണ്ട് ദിവസത്തെയും പരീക്ഷകള്‍ ഒട്ടും കുഴപ്പിച്ചില്ലെന്ന് ഇവരുടെ കമന്റ്. വരുംദിവസങ്ങളിലെ പരീക്ഷകളും സുഗമമായെഴുതി മുഴുവന്‍ എ പ്ലസ് നേടി സ്‌കൂളിനെ ചരിത്രനേട്ടത്തിലെത്തിക്കുമെന്ന് വലപ്പാട് ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന സ്‌കൂളെന്ന നേട്ടം ചെന്ത്രാപ്പിന്നിക്ക് സമ്മാനിച്ച ഇവര്‍ പറഞ്ഞു. 

സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായാണ് എട്ടുജോഡി ഇരട്ടകള്‍ ഒരുമിച്ച് പത്താംക്ലാസ് പരീക്ഷയെഴുതുന്നത്. വലപ്പാട് ഉപജില്ലയില്‍ കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നതും ഈ സ്‌കൂളില്‍ നിന്നാണ്. ടി.എന്‍ ഷുഹെയ്ബും ടി.എന്‍. സുഹൈലും ഒഴികെ  മറ്റുള്ളവരെല്ലാം ഒരേ ക്ലാസില്‍ ഒരുമിച്ചിരുന്നാണ് പഠനം. പത്ത് ബി. ഡിവിഷനില്‍ മാത്രം മൂന്ന് ഇരട്ടകളാണുള്ളത്. ഇവരില്‍ അവന്തികയെയും അമാനികയെയും തനിക്കിപ്പോഴും തിരിച്ചറിയാന്‍ കഴിയാറില്ലെന്നാണ് ക്ലാസ് അധ്യാപികയുടെ പരാതി. 

അവന്തികയോട് പറയാനുള്ളത് അമാനികയോടും തിരിച്ചും പറഞ്ഞ് അബദ്ധം പറ്റുന്നത് സ്ഥിരമാണ്. ആളെ തെറ്റിയാണ് പറഞ്ഞതെന്ന് അറിയുമ്പോള്‍ ചിരിയാണെങ്കിലും ഇതുമൂലമുണ്ടാവുന്ന കണ്‍ഫ്യൂഷന്‍ ചെറുതല്ല. ധന്യ-ദിവ്യ ഇരട്ടകളില്‍ ഒരാള്‍ക്ക് മറ്റേയാളെക്കാളും തടിയുള്ളതിനാല്‍ തിരിച്ചറിയാം. സുമിത്ത്-സുസ്മിത്ത് ഇരട്ടകളില്‍ സുസ്മിത്തിന്റെ മുഖത്തുള്ള കാക്കപ്പുള്ളിയാണ് തിരിച്ചറിയാനുള്ള മാര്‍ഗം. ക്ലാസ് അധ്യാപിക കെ.എസ്. ഷീജ പറഞ്ഞു. ഇരട്ടകളില്‍ പലരും കലാ, കായികമത്സരങ്ങളില്‍ മിടുക്ക് തെളിയിച്ചവരാണ്. ധന്യയും ദിവ്യയും പെണ്‍കുട്ടികളുടെ വോളിബോള്‍ ടീമില്‍ അംഗങ്ങളാണ്.

click me!