അതിരപ്പിള്ളി പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്ര മന്ത്രാലയം; ഇല്ലാത്ത പദ്ധതിക്ക് കോടികള്‍ ചെലവിട്ട് സംസ്ഥാന സര്‍ക്കാര്‍

web desk |  
Published : May 24, 2018, 06:52 PM ISTUpdated : Oct 02, 2018, 06:33 AM IST
അതിരപ്പിള്ളി പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്ര മന്ത്രാലയം; ഇല്ലാത്ത പദ്ധതിക്ക് കോടികള്‍ ചെലവിട്ട് സംസ്ഥാന സര്‍ക്കാര്‍

Synopsis

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുടെ കാലാവധി 2017 ജൂലായ് 17 ന് അവസാനിച്ചിരുന്നു

തൃശൂര്‍: വിവാദങ്ങളൊഴിയാത്ത അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിന്റെ കബളിപ്പിക്കല്‍. പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു അപേക്ഷയും കൈവശമില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പറയുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി കോടികള്‍ ചെലവിടുന്നത്.  

ഇപ്പോള്‍ നടക്കുമെന്ന് സര്‍ക്കാരും, നടത്തിക്കില്ലെന്ന് പരിസ്ഥിതി വാദികളും ഇടതുമുന്നണിയിലെ സി.പി.ഐ അടക്കമുള്ള കക്ഷികളും പോരടിക്കുന്ന പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ഇപ്പോഴും പണം ചിലവഴിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് യാതൊരു അപേക്ഷയും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. 

പദ്ധതി നടക്കണമെങ്കില്‍ കേന്ദ്രാനുമതി വേണമെന്നിരിക്കെ ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ഇപ്പോഴും വിവാദങ്ങള്‍ മുറുകുകയാണ്. പദ്ധതിക്ക് തുടക്കമിട്ട് മൂന്നര പതിറ്റാണ്ടായിട്ടും പ്രാഥമിക പ്രവര്‍ത്തനങ്ങളിലേക്ക് പോലും കടക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പദ്ധതിയുടെ പേരില്‍ 1998 ഏപ്രില്‍ 30 ന് സര്‍ക്കിള്‍ ഓഫീസ് തുടങ്ങിയത് മുതല്‍ ഇതുവരെയായി 21.33 കോടിയാണ് ചിലവിട്ടിരിക്കുന്നത്. 

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുടെ കാലാവധി 2017 ജൂലായ് 17 ന് അവസാനിച്ചിരുന്നു. അനുമതി പുതുക്കുന്നതിന് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടില്ല. 2007 ല്‍ ലഭിച്ച പാരിസ്ഥിതിക അനുമതിക്കെതിരെ പൊതുതാത്പര്യ ഹര്‍ജികള്‍ വന്നുവെങ്കിലും 2015 ല്‍, 2017 ജൂലായ് വരെ അനുമതി നീട്ടി നല്‍കിയതായിരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണെങ്കില്‍ പിന്നീട് അനുമതിയെടുക്കേണ്ടതില്ല. എന്നാല്‍ എതിര്‍പ്പുയര്‍ന്നതോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായില്ല. 

ഇതിനിടയിലാണ് വൈദ്യുതി വകുപ്പ് കണ്ണന്‍കുഴിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് അനുമതിയുണ്ടോയെന്ന് തേടി അഡ്വ.ജോസഫ് ടാജറ്റ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളൊന്നും ഇല്ലെന്ന് മന്ത്രാലയം രേഖാമൂലമാണ് മറുപടി നല്‍കിയത്. അതിരപ്പിള്ളി - ആനക്കയം പദ്ധതികള്‍ക്കായി കണ്ണംകുഴിയില്‍ ഒരു ഡിവിഷണല്‍ ഓഫീസും അതിരപ്പിള്ളി പദ്ധതിക്ക് മാത്രമായി ഒരു സബ് ഡിവിഷണല്‍ ഓഫീസും, ഡിവിഷണല്‍ ഓഫീസില്‍ ഒരു എക്‌സികുട്ടീവ് എന്‍ജിനീയറും ഒരു സബ് എന്‍ജിനീയറും, സബ് ഡിവിഷനല്‍ ഓഫീസില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍ തസ്തികകളില്‍ ഓരോരുത്തര്‍ വീതവും തുടങ്ങി എട്ടോളം ജീവനക്കാര്‍ ഇവിടെയുണ്ട്. 

പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ വെട്ടേണ്ട മരങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായും മരംവച്ച് പിടിപ്പിക്കാനുള്ള ചിലവായും 5.34 കോടി വനംവകുപ്പിനും കെട്ടിവെച്ചിട്ടുണ്ട്. പരിശോധനയ്ക്കും പഠനാവശ്യങ്ങള്‍ക്കുമായി 15.98 കോടിയും ചിലവഴിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കി.മീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയാറാക്കിയത്. 936 കോടി ചിലവ് വരുന്നതാണ് പദ്ധതി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വരൻ വിവാഹത്തിൽ നിന്ന് പിൻമാറി, ജീവനൊടുക്കാൻ ശ്രമിച്ച് വധു; 8 പേർക്കെതിരെ കേസ്
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല