അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം;വിഷയത്തിൽ സുഷമ സ്വരാജ് ഇടപെടുന്നു

By Web DeskFirst Published Jan 31, 2018, 2:08 PM IST
Highlights

തിരുവനന്തപുരം;ദുബായിൽ തടവിൽ കഴിയുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ് മോചനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. രാമചന്ദ്രന്റെ മോചനത്തിനായി കുടുംബാം​ഗങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി ചർച്ച നടത്തിയിരുന്നു. അദ്ദേഹമാണ് വിഷയം കേന്ദ്രസർക്കാരിനും ബിജെപി ദേശീയനേതൃത്വത്തിനും മുൻപിലെത്തിച്ചത്.  

ചർച്ചകളിൽ രാമചന്ദ്രന്റെ ബാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ കുടുംബം കുമ്മനത്തിന് കൈമാറി. ഇൗ വിവരങ്ങൾ കുമ്മനം  ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും എത്തിച്ചു. തുടർന്ന് യുഎഇയിലെ ഇന്ത്യൻ എംബസി വഴി അറ്റ്‌ലസ്  രാമചന്ദ്രനെതിരെ കേസ് കൊടുത്ത 22 ഓളം ബാങ്കുകളുമായി ചർച്ച നടത്തുകയും ജയിലിൽ നിന്നും പുറത്തു വന്നാൽ സ്വത്തുകൾ വിറ്റും കടം തീർക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. 

രാമചന്ദ്രൻ ജയിൽ മോചിതനായി ബാധ്യതകൾ തീർക്കണമെന്ന ഉറപ്പിൽ പരാതികൾ പിൻവലിക്കാമെന്ന് ഭൂരിപക്ഷം ബാങ്കുകളും ഉറപ്പു നൽകിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ ബാങ്കുകളാണ് ഇപ്പോഴും എതിർപ്പ് ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. ഇവരുമായും ധാരണയിലെത്തി എത്രയും പെട്ടെന്ന് അദ്ദേഹത്തെ പുറത്തിറക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. 

രാമചന്ദ്രന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ കുടുംബം പലരേയും സമീപിച്ചിരുന്നുവെങ്കിലു ആരും തന്നെ സഹായിക്കാൻ തയ്യാറായില്ലെന്ന് കുമ്മനം പറയുന്നു. ലോകകേരളസഭയിലടക്കം അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യം ആരും  ഉന്നയിച്ചില്ല. എല്ലാവരും കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ സഹായം അഭ്യർത്ഥിച്ച് കത്ത് നൽകിയത്. തന്റെ മോചനത്തിന് തടസ്സം നിൽക്കുന്നതാരൊക്കെയാണെന്ന് ജയിൽ മോചിതനായ ശേഷം അറ്റ്‌ലസ്  രാമചന്ദ്രൻ വെളിപ്പെടുത്തും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇക്കാര്യത്തിൽ ചിലതു പറയാനുണ്ട്..... കുമ്മനം പറഞ്ഞു. 

click me!