
ദുബായ്: ദുബായിൽ ജയിലിലായിരുന്ന മലയാളി വ്യവസായി അറ്റ്‍ലസ് രാമചന്ദ്രൻ മോചിതനായെന്ന് റിപ്പോർട്ട്. രണ്ട് ദിവസം മുൻപ് തന്നെ അദ്ദേഹം ജയിലിൽ നിന്ന് ഇറങ്ങിയെന്നാണ് വിസാ രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കളോ അടുപ്പമുള്ളവരോ സ്ഥിരീകരിച്ചിട്ടില്ല.
2015 ഓഗസ്റ്റിലാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് അറ്റ്‍ലസ് രാമചന്ദ്രൻ ദുബായിൽ ജയിലിലായത്. വായ്പ നൽകിയിരുന്ന ഇരുപത്തി മൂന്ന് ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് രണ്ട് വർഷത്തിലധികം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നു. രാമചന്ദ്രനെ ജയിലിൽ നിന്നിറക്കാൻ ഇതിനിടെ പല ശ്രമങ്ങളും നടന്നു. ഈ ആവശ്യവുമായി ബന്ധുക്കൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളെയും പല തവണ സമീപിച്ചിരുന്നു.
തിരികെ നൽകാനുള്ള പണത്തെ സംബന്ധിച്ച് ബാങ്കുകളുമായി നിലവിൽ ധാരണയിലെത്തിയെന്നാണ് സൂചന. കൂടാതെ 75 വയസ് കഴിഞ്ഞ പൗരൻമാർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവും തുണയായി. അദ്ദേഹത്തിന് ഇപ്പോൾ 77 വയസ്സുണ്ട്. ജയിൽ മോചനം സാധ്യമായെങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ദുബായിൽ നിന്ന് ബാങ്കുകളുടെ ബാധ്യത മുഴുവൻ തീർത്ത ശേഷം മാത്രമെ നാട്ടിലേക്ക് മടങ്ങാൻ കഴിയൂ എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam