സ്വകാര്യ ബസിന്റെ അനധികൃത പാര്‍ക്കിങ് ചോദ്യം ചെയ്ത എ.ടി.ഒയെ ബസ്സിടിപ്പിച്ചെന്ന് പരാതി

By Web DeskFirst Published Aug 16, 2017, 11:37 PM IST
Highlights

സ്വകാര്യ ബസിന്റെ അനധികൃത പാര്‍ക്കിങ് ചോദ്യം ചെയ്തതിന് കെ.എസ്.ആര്‍.ടി.സി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ബസ്സിടിപ്പിച്ചുവെന്ന് പരാതി. തിരുവനന്തപുരം എ.ടി.ഒ സലീമാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അതേ സമയം പരാതി വ്യാജമാണെന്നും എ.ടി.ഒയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സര്‍വ്വീസ് തടസ്സപ്പെടുത്താനാണ് ശ്രമിച്ചതെന്നും സ്വകാര്യ ബസ്സ് ഉടമകള്‍ വിശദീകരിച്ചു.

കിഴക്കേകോട്ടയില്‍ സ്വകാര്യ സിറ്റി ബസ് ജീവനക്കാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ കഴിഞ്ഞ കുറെ ദിവസമായി തര്‍ക്കമുണ്ട്. പാര്‍ക്കിങ്ങിനെ കുറിച്ചും ട്രിപ്പ് മുടക്കലിനെ ചൊല്ലിയുമാണ് ഭിന്നത. കെ.എസ്.ആര്‍.ടി.സിക്കായി മാറ്റിവെച്ച സ്ഥലത്ത് സ്വകാര്യ ബസ് പാര്‍ക്ക് ചെയ്തതാണ് ഇന്ന് രാവിലെ വീണ്ടും തര്‍ക്കമുണ്ടാകാന്‍ കാരണം. ബസ് മാറ്റാന്‍ ആവശ്യപ്പെട്ട എ.ടി.ഒയെ ബസ്സിടിപ്പിച്ചുവെന്നാണ് പരാതി.

സലീമിന് കൈക്കാണ് പരിക്കേറ്റത്. എ.ടി.ഒയുടെ പരാതിയില്‍ സരോമയെന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. അതേ സമയം പരാതി അടിസ്ഥാന രഹിതമാണെന്നാണ് സ്വകാര്യ ബസ്സുടമകളുടെ വിശദീകരണം. കിഴക്കെകോട്ടയില്‍ സ്വകാര്യ ബസ്സുകള്‍ക്ക് മാറ്റിവെച്ച സ്ഥലത്തായിരുന്നു സരോമ ബസ് പാര്‍ക്ക് ചെയ്തതെന്ന് കേരള ബസ് ട്രാന്‍സ്‌പോ‍ര്‍ട്ട് അസോസിയേഷന്‍ പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രൈവറോട് എ.ടി.ഒ കയര്‍ത്തുവെന്നും കെബിടിഎ അറിയിച്ചു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നാളെ ട്രാഫിക് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സ്വകാര്യ ബസ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

click me!