
ദില്ലി: ജഡ്ജിമാര്‍ക്കിടയിലെ പ്രശ്നങ്ങൾ തീര്‍ന്നതായി അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു. രാവിലെ ഇക്കാര്യത്തിൽ അനൗദ്യോഗിക ചര്‍ച്ചകൾ നടന്നതായും അറ്റോര്‍ണി ജനറൽ അറിയിച്ചു. എന്നാൽ ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങളിൽ എന്ത് പരിഹാരം എന്നതിൽ ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവുമില്ല. കോടതിയെ തകര്‍ക്കാൻ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും നടപടിയെടുക്കണമെന്നും ഒരു അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് കോടതിയിൽ ആവശ്യപ്പെട്ടു.
സങ്കീര്‍ണവും നാടകീയവുമായ വെള്ളിയാഴ്ചത്തെ സംഭവങ്ങൾക്ക് ശേഷം ഇന്ന് അല്‍പ്പം വൈകിയാണ് കോടതി നടപടികൾ തുടങ്ങിയത്. പതിവുപോലെ രാവിലെ 10 മണിക്ക് ജഡ്ജിമാര്‍ ഒന്നിച്ചുകൂടിയപ്പോൾ പ്രശ്നത്തിൽ അനൗദ്യോഗിക ചര്‍ച്ചകൾ നടന്നുവെന്നാണ് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചത്. പ്രശ്നങ്ങളെല്ലാം തീര്‍ന്നുവെന്നും അറ്റോര്‍ണി ജനറൽ പറഞ്ഞു. പ്രതിഷേധിച്ച് ഇറങ്ങിപ്പോയ നാല് ജഡ്ജിമാരും ഇന്ന് കോടതികളിൽ എത്തി. ചീഫ് ജസ്റ്റിസും സാധാരണ രീതിയിൽ തന്നെ കേസുകൾ കേട്ടു. പ്രശ്നം തീര്‍ന്നതായുള്ള യാതൊരു സൂചനയും പക്ഷെ, ചീഫ് ജസ്റ്റിസോ, പ്രതിഷേധിച്ച നാല് ജഡ്ജിമാരോ നൽകിയില്ല. ഇതിനിടെ സുപ്രീംകോടതിയുടെ അന്തസ്സിന് കോട്ടമുണ്ടാക്കിയ ജഡ്ജിമാര്‍ രാജ്യസ്നേഹികളല്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഭിഭാഷകനായ ആര്‍.പി.ലൂത്ര ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. മറ്റൊരു അഭിഭാഷകനായ കൃഷ്ണമൂര്‍ത്തിയും ഇതേവിഷയം ഉന്നയിച്ചപ്പോൾ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുകയാണെന്ന മറുപടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നൽകിയത്.
പ്രശ്നപരിഹാരത്തിനായി ഫുൾകോര്‍ട്ട് ചേരുമെന്നാണ് സൂചന. ഫുൾ കോര്‍ട്ട് ചേര്‍ന്ന് മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കൂവെന്നാണ് മുതിര്‍ന്ന അഭിഭാഷകരെല്ലാം മുന്നോട്ടുവെച്ചിരിക്കുന്ന അഭിപ്രായം. അതേസമയം പ്രതിഷേധിച്ച ജഡ്ജിമാര്‍ ഉയര്‍ത്തിയ ആവശ്യങ്ങളിൽ ഇതുവരെയും ചീഫ് ജസ്റ്റിസ് എന്തെങ്കിലും തീരുമാനം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, നേരത്തെ നിശ്ചയിച്ച ഭരണഘടന ബെഞ്ചുകളിലും മാറ്റം വരുത്താൻ ചീഫ് ജസ്റ്റിസ് തയ്യാറായിട്ടുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam