
തൃശ്ശൂര്‍: അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്‍റെ സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരള പൊലീസിൽ. സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേർക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും.
കഴിഞ്ഞ ഫെബ്രുവരി 22 ചന്ദ്രിക ഒരിക്കലും മറക്കില്ല. ഭക്ഷണം മോഷ്ടിച്ചതിൻറെ പേരിൽ സഹോദരനെ നാട്ടുകാർ തല്ലിക്കൊന്ന ദിവസം കേരളമന:സാക്ഷിയെ ഞെട്ടിച്ച ദിവസം ചന്ദ്രിക പൊലീസ് സേനയിലേക്കുള്ള പിഎസ് സി അഭിമുഖപരീക്ഷയിലായിരുന്നു. സഹോദരനടക്കമുള്ള കുടുംബത്തെ പട്ടിണിയിൽ നിന്നും കരകയറ്റാനുള്ള ജോലി ചന്ദ്രികയുടെ സ്വപ്നമായിരുന്നു. സഹോദരൻ പോയെങ്കിലും ചന്ദ്രികയുടെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു.
ആദിവാസി യുവതി- യുവാക്കളെ സേനയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി നിയമനം നടത്താൻ നിയമന ചട്ടങ്ങളിൽ ഭേഗഗതി കൊണ്ടുവന്നിരുന്നു. അഭ്യസ്തവിദ്യരുടേയും കായികക്ഷമതയുള്ളവരുടെയും പട്ടിക കലക്ടമാർ തയ്യാറാക്കി. അതിൽ നിന്നും അഭിമുഖം നടത്തിയാണ് പിഎസ് സി 74 പേരെ തെരഞ്ഞെടുത്തത്. തൃശൂർ പൊലീസ് അക്കാദമിയില്‍ പരിശീലനം നൽകും. മാവോയിസ്റ്റു ഭിഷണിയുള്ള പ്രദേശങ്ങളിലടക്കം ഇവരുടെ സേവനം ഗുണം ചെയ്യുമെന്നാണ് ആഭ്യന്തരവകുപ്പിൻറെ കണക്കുകൂട്ടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam