
തിരുവനന്തപുരം: എസ്.എ. ടി ആശുപത്രിയിൽ നിന്നും അഞ്ച് മാസം മാത്രം പ്രായമുള്ള വെന്‍റിലേറ്ററിൽ കഴിയുന്ന കുഞ്ഞുമായി ആംബുലൻസ് കൊച്ചി ലിസി ആശുത്രിയിലേക്ക് തിരിച്ചു. ജനങ്ങൾ സഹകരിക്കണം എന്നു ചൈൽഡ് പ്രൊട്ടക്ട് ടീമും പോലീസും അറിയിച്ചു. ഹൃദയ സംബന്ധമായി ഗുരുതരാവസ്ഥയിലായ തമിഴ്നാട് സ്വദേശി ദർശൻ എന്ന കുട്ടിയുമായാണ് KL02 AP 3236 എന്ന ലൈഫ് കെയർ ആംബുലൻസാണ് പോകുന്നത്. പരമാവധി വേഗത്തിൽ കൊച്ചിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
പൊലീസ് അകമ്പടിയോടെയാണ് ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചിട്ടുള്ളത്. ശക്തമായ മഴയും തുടർന്നുള്ള ഗതാഗത കുരുക്കും ചെറിയ രീതിയിൽ യാത്രയെ ബാധിക്കുന്നുണ്ട്. ആംബുലൻസ് കടന്നു പോകുന്ന വഴിയിലുള്ള എല്ലാ ജില്ലകളിലും ഗതാഗത കുരുക്കുളള സ്ഥലങ്ങളിൽ ചൈൽഡ് പ്രൊട്ടക്ട് ടീം, കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്‌നിഷ്യൻ അസോസിയേഷൻ (KADTA) പ്രവർത്തകരും മറ്റു സന്നദ്ധ സംഘടന പ്രവർത്തകരും ഗതാഗത കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്.
കുഞ്ഞുമായി പോകുന്ന ആംബുലൻസിനു പൈലറ്റ് എന്ന പേരിൽ മറ്റു ആംബുലൻസുകളും വാഹനങ്ങളും കൊണ്ട് വന്നു തടസം സൃഷ്ടിക്കരുത് എന്നും സഹായിക്കാൻ താല്പര്യമുള്ളവർ ആംബുലൻസ് കടന്നു പോകാൻ വഴിയൊരുക്കി മാത്രം സഹായിക്കണം എന്നും പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam