ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ്: അറ്റോര്‍ണി ജനറല്‍ പിന്മാറി

By Web TeamFirst Published Nov 3, 2018, 10:47 AM IST
Highlights

ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പിന്മാറി. ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ക്കെതിരായ കോടതി അലക്ഷ്യ കേസുകളില്‍ തീരുമാനം എടുക്കാന്‍ അഡീ.സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി.

ദില്ലി: ശബരിമല വിഷയത്തിലെ കോടതി അലക്ഷ്യ അപേക്ഷകളിൽ തീരുമാനം എടുക്കുന്നതിൽ നിന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പിന്മാറി. അസി.സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ എജി ചുമതലപ്പെടുത്തി. പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

ശബരിമല സ്ത്രീ പ്രവേശന വിധിയെ പരസ്യമായി എതിർത്ത് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ജനവികാരം മാനിക്കണം എന്നായിരുന്നു വിധിയോടുള്ള എജിയുടെ പ്രതികരണം. അറ്റോർണി ജനറൽ ആകുന്നതിന് മുമ്പ് ദേവസ്വം ബോർഡിന് വേണ്ടി വേണുഗോപാൽ ഹാജരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റം എന്നാണ് സൂചന. വിഷയത്തിൽ കേന്ദ്ര നിലപാട് കോടതിയിൽ വ്യക്തമാക്കേണ്ടി വന്നാൽ എജിയാകും ഹാജരാകുക. ഇതും പിന്മാറ്റത്തിന് കാരണമാകാം. 

യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബത്തിലെ രാമരാജവർമ്മ, ബിജെപി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവർക്കെതിരാണ് കോടതി അലക്ഷ്യ നടപടിക്കുള്ള അപേക്ഷ. അഭിഭാഷകരായ ഡോ.ഗീനാകുമാരി, എ.വി.വർഷ എന്നിരാണ് എജിയെ സമീപിച്ചത്. ശബരിമല വിധിയിൽ ഇത് വരെ 42 ഹർജികളാണ് ഫയൽ ചെയ്തത്. എല്ലാ ഹർജികളും ഒരുമിച്ചാകും പരിഗണിക്കുക.

അതേസമയം, രാജ്യത്തെ എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീപ്രവേശനത്തിന് അനുമതി നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

 
click me!