അഴീക്കോട്ടെ ജങ്കാർ സർവീസ് പുനരാരംഭിച്ചു, ഇനി 40 ടൺ ഭാരം കയറ്റാം

By വത്സന്‍ രാമംകുളത്ത്First Published Nov 7, 2017, 9:58 PM IST
Highlights

തൃശൂർ: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അഴീക്കോട്ടെ ജങ്കാർ സർവീസ് പുനരാരംഭിച്ചു. തിങ്കളാഴ്‍ച രാത്രിയിലാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് ജങ്കാർ അഴീക്കോട് തീരത്തെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ അഴീക്കോട്-മുനമ്പം ഫെറിയിൽ സർവീസ് പുനരാരംഭിക്കുകയും ചെയ്‍തു. 222 ദിവസങ്ങൾക്കുശേഷമാണ് തീരദേശവാസികളുടെ യാത്രാദുരിതത്തിന് വിരാമമിട്ട് ജങ്കാർ പുനരാരംഭിച്ചത്.

അറ്റകുറ്റപ്പണികൾക്ക് കൊച്ചി കപ്പൽ നിർമാണശാല കണക്കാക്കിയ ഒരു കോടി 62 ലക്ഷം രൂപയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രതിസന്ധിയിലായിരുന്നു. രണ്ടു മാസത്തോളം അഴീക്കോട് ഫിഷറീസ് വകുപ്പിന്റെ ജെട്ടിയിൽ വെയിലും മഴയും കൊണ്ട് കിടന്നു. പിന്നീട് ജങ്കാർ കപ്പൽ നിർമാണ ശാലയിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ വൈകി.

ജങ്കാർ സർവീസ് പുനരാരംഭിക്കാത്തതുമായി ബന്ധപ്പെട്ട് പരാതികളും ആരോപണങ്ങളും ഉയർന്നു. ഇതിനിടയിൽ ജങ്കാർ ഏറ്റെടുക്കുകയോ അറ്റകുറ്റ പണികൾക്ക് പണം അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സർക്കാരിനെ ബന്ധപ്പെട്ടു. അഴീക്കോട് - മുനമ്പം പാലത്തിന് ബജറ്റിൽ തുക വകയിരുത്തിയ സാഹചര്യത്തിൽ ജങ്കാർ നടത്തിപ്പ് ജില്ലാ പഞ്ചായത്ത് തന്നെ നിർവഹിക്കണമെന്ന് സർക്കാർ മറുപടി നൽകുകയായിരുന്നു. 2008 സുനാമി പുനരധിവാസ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് സംസ്ഥാന സർക്കാർ വാങ്ങി ജില്ലാ പഞ്ചായത്തിനെ ഏൽപ്പിച്ചതാണിത്. 2008 ന് ശേഷം ജങ്കാറിന് ഇതുവരെ നാല് കോടി രൂപയിലധികം പലഘട്ടങ്ങളിലായി അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചു.

അതേസമയം, ഏറെ പണിപ്പെട്ടാണ് മുപ്പത് ശതമാനം തുക അറ്റകുറ്റപ്പണികൾക്കായി കണ്ടെത്തി ജില്ലാ പഞ്ചായത്ത് മുൻകൂർ അടയ്‍ക്കുകയും ജങ്കാർ ഷിപ്പ് യാർഡിലേക്ക് കൊണ്ടുപോകുകയും ചെയ്‍തത്.

ജങ്കാറിന്റെ രണ്ട് എഞ്ചിനുകളുടെയും അറ്റകുറ്റപ്പണികൾ നടത്തിയും വാഹനങ്ങൾ കയറ്റാനുള്ള പ്ലാറ്റ്‌ഫോമും എഞ്ചിൻ കാബിനുകളും പൂർണമായും പുതുക്കിയിട്ടുണ്ട്. 40 ടൺ ഭാരം കയറ്റാവുന്ന വിധമാണ് നവീകരണം. കേടുപാടുകൾ മൂലം നിലവിൽ 20 ടൺ കയറ്റാനേ സാധിച്ചിരുന്നുള്ളൂ. സീറ്റുകളും നവീകരിച്ചു.

ജങ്കാർ സർവീസ് പുനരാരംഭിച്ചതോടെ, കോൺഗ്രസ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. നാട്ടുകാരും അഴീക്കോട് ജെട്ടിയിലെ കച്ചവടക്കാരും തൊഴിലാളികളും ഓട്ടോ-ടാക്സി തൊഴിലാളികളും ജങ്കാർ വീണ്ടും സജീവമായതോടെ ഉത്സാഹത്തിലാണ്.

click me!