
ഹരിയാന: നൂറ്റി ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ച മന്ത്രവാദി പൊലീസ് പിടിയിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാന പോലീസ് അറസ്റ്റുചെയ്തത്. ഹരിയാനയിലെ ഫത്തേബാദിൽ വെച്ചായിരുന്നു അറസ്റ്റ്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലെടുവിലാണ് ബാബ അറസ്റ്റിലായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് മന്ത്രവാദി പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. ഇയാൾ തന്നെയാണ് പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
അറസ്റ്റിലായ ബാബയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് ഫത്തേഹാബാദ് വനിതാ പോലീസ് സ്‌റ്റേഷന്റെ മേധാവി ഇന്‍സ്‌പെക്ടര്‍ ബിംല ദേവി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് രണ്ട് സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. പീഡനത്തിന് ഇരയായ മറ്റുള്ളവരെ കൂടി കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പീഡന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ഇയാൾ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ഒമ്പത് മാസങ്ങള്‍ക്കുമുമ്പ് ബാബക്കെതിരെ പോലീസ് മറ്റൊരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ആ കേസില്‍ പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. പോലീസുകാര്‍ക്ക് പണം നല്‍കാത്തതിനാലാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് ബാബ ആരോപിച്ചു. എന്നാല്‍ വീഡിയോ ക്ലിപ്പുകള്‍ അടക്കമുള്ള തെളിവുകളോടെയാണ് പോലീസ് ഇത്തവണ ഇയാൾക്കെതിരെ വലവിരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam