ബാബ്റി മസ്ജിദ് ഗൂഢാലോചന: വിചാരണ നേരിടാമെന്ന് അദ്വാനിയും ജോഷിയും

By Web DeskFirst Published Apr 6, 2017, 6:39 AM IST
Highlights

ദില്ലി: ബാബ്റി മസ്ജിദ് ഗൂഡാലോചന കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് എല്‍.കെ.അദ്വാനിയും മുരളി മനോഹര്‍ ജോഷിയും സുപ്രീംകോടതിയെ അറിയിച്ചു. ബാബ്റി മസ്ജിദ് ആക്രണത്തിന് പിന്നിലെ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാ ഭാരതി ഉള്‍പ്പടെ 21 പേര്‍ ഗൂഢാലോന നടത്തിയെന്ന സിബിഐയുടെ കണ്ടെത്തല്‍ നേരത്തെ അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാക്കളായ അദ്വാനിയും ജോഷിയും സുപ്രീംകോടതിയെ അറിയിച്ചത്.

വിചാരണ റായ്ബറേലി കോടതിയില്‍ നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ബാബ്റി സംഭവത്തിന് പിന്നിലെ ഗുഢാലോചനയില്‍ അദ്വാനി ഉള്‍പ്പടെയുള്ളവരുടെ പങ്ക് വളരെ വലുതാണെന്ന് സിബിഐ വാദിച്ചു. ബാബ്റി മസ്ജിദ് ആക്രണ കേസ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള കോടതിയിലും, ഗൂഡാലോചന കേസ് ലക്നൗവിലെ കോടതിയിലുമായാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് രണ്ടും ഒരു കോടതിയിലേക്ക് മാറ്റണമെന്നും ഗുഡാലോചന കുറ്റത്തില്‍ വിചാരണ നടത്താന്‍ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

ഈ വാദത്തോട് യോജിച്ച കോടതി 25 വര്‍ഷമായിട്ടും കേസില്‍ തീര്‍പ്പുണ്ടാകാത്തത് അംഗീകരിക്കാനാകാത്തതാണെന്ന് ചൂണ്ടിക്കാട്ടി. കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി രണ്ട് വര്‍ഷത്തിനുള്ള വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കാമെന്ന് വാക്കാല്‍ പറഞ്ഞ കോടതി കേസ് ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെച്ചു.

click me!