
ദില്ലി: ബാബറി മസ്ജിദ് ഗൂഡാലോചനക്കേസിൽ എല്‍. കെ.അഡ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. കേസിലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുരളി മനോഹർ ജോഷിയടക്കമുള്ള ബിജെപി നേതാക്കൾ വിചാരണ നേരിടണം.
ഗൂഢാലോചനക്കേസിന്റെയും ആക്രമണ കേസിന്റെയും വിചാരണ ഒരു കോടതിയിൽ നടത്താനും ഉത്തരവായി. എല്ലാ ദിവസവും വിചാരണ നടത്തണം. കേസ് ഒരു ദിവസം പോലും മാറ്റി വയ്ക്കരുതെന്നും രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, കല്യാണ്‍ സിംഗ് തുടങ്ങിയ ബിജെപി നേതാക്കൾക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ ഗൂഡാലോചനകുറ്റം ചുമത്തി ഇവർ ഉൾപ്പെടെയുള്ള 13 പേർ ലക്നോ കോടതിയിൽ വിചാരണ നേരിടണമെന്നും സിബിഐ വാദിച്ചിരുന്നു.
സാങ്കേതിക കാരണം പറഞ്ഞ് ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയതിനെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കേസിലെ വിചാരണ വൈകുന്നതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു. ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റായ്ബറേലി കോടതി 57 സാക്ഷികളെ വിസ്തരിക്കുകയും 100ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തു. ലക്നോ കോടതിയാകട്ടെ 195 സാക്ഷികളെ വിസ്തരിക്കുകയും 300ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam