ഏത് നിമിഷവും അറസ്റ്റിലായേക്കുമെന്ന ഭയത്തിലെന്ന് നദീര്‍

By Web DeskFirst Published Apr 18, 2017, 6:09 PM IST
Highlights

തനിക്കെതിരായ കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഡി.ജി.പി വ്യക്തമാക്കിയതോടെ ഏത് നിമിഷവും അറസ്റ്റിലായേക്കുമെന്ന ഭയത്തിലാണ് താനെന്ന് നദീര്‍. കേസില്‍ തന്നെ പെടുത്തുകയായിരുന്നുവെന്നും, നിരപരാധിത്വം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും നദീര്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തീവ്രവാദം ഉള്‍പ്പെടയുള്ള അതീവ ഗൗരവമുള്ള കേസുകളില്‍ മാത്രം യു.എ.പി.എ നിലനിര്‍ത്തിയാല്‍ മതിയെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. 162 കേസുകളില്‍ 42 എണ്ണത്തില്‍ യു.എ.പി.എ ഒഴിവാക്കിയപ്പോഴും നദീറിനെതിരായ നടപടി നിലനില്‍ക്കുമെന്നാണ് ഡി.ജി.പി വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ ഏറെ ആശങ്കയുണ്ടെന്നും, പോലീസ് ഭീകരതക്കിരയാകുമെന്ന ഭയമുണ്ടെന്നും നദീര്‍ പറയുന്നു. എന്തിനാണ് തന്നെ പ്രതിയാക്കിയതെന്ന് അറിയില്ലെന്ന് നദീര്‍ പറയുന്നു. ഡിസംബര്‍ 20ന് തന്നെ വിട്ടയക്കുന്ന സമയത്ത് താന്‍ പ്രതിയല്ലെന്ന് ഡി.ജി.പി തന്നെ പറഞ്ഞിരുന്നെന്നും അതിന് ശേഷം എന്ത് പുതിയ തെളിവാണ് കിട്ടിയതെന്ന് അറിയില്ലെന്നും നദീര്‍ പറഞ്ഞു.

ആറളത്തെ ആദിവാസികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും , മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നുമാണ് നദീറിനെതിരെയുള്ള കേസ്. യു.എ.പി.എ രണ്ട് വകുപ്പുകള്‍ക്ക് പുറമെ ആയുധം കൈവശം വച്ചുവെന്ന കുറ്റവും നദീറിനെതിരെ ചുമത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഇന്നുവരെ താന്‍ ആറളത്ത് പോയിട്ടില്ലെന്നാണ് നദീര്‍ പറയുന്നത്.  യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അറസ്റ്റ് ചെയ്ത നദീറിനെ പൊലീസ് വിട്ടയച്ചിരുന്നു. നദീറിനെതിരെ തെളിവില്ലെന്ന് ആദ്യഘട്ടത്തില്‍ പോലീസ്വ്യക്തമാക്കിയതുമാണ്. നദീറിന്റെ കൂടി അറസ്റ്റ് വിവാദമായ പശ്ചത്തലത്തിലാണ് യു.എ.പി.എ കേസുകള്‍ പുനഃപരിശോധിക്കാന്‍ ഡി.ജി.പി തീരുമാനിച്ചതും.

click me!