സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി നടുറോഡില്‍ പ്രസവിച്ചു - കുഞ്ഞ് മരിച്ചു

By web deskFirst Published May 25, 2016, 5:05 AM IST
Highlights

അഹമ്മദാബാദ് സ്വദേശിയ ആശാബെന്‍ ബരിയ എന്ന യുവതിയാണ്  കഴിഞ്ഞദിവസം ഖോഖരയിലുള്ള രുക്മണിബെന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സ തേടിയത്. ആറുമാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് കഠിനമായ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്‍ രാകേഷിനൊപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍, യുവതിയുടെ വിവാഹം കഴിഞ്ഞെന്നതിനുള്ള രേഖ ആവശ്യപ്പെട്ടെന്നും ഇത് കൈവശമില്ലെന്ന് പറഞ്ഞപ്പോള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നും രാകേഷ് ആരോപിച്ചു. യുവതി ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെന്നും രാകേഷ് പറയുന്നു. തുടര്‍ന്ന് ആശുപത്രിക്ക് മുന്നിലെ റോഡരികില്‍ ആംബുലന്‍സ് കാത്തിരുന്ന യുവതി അവിടെവെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് അടിയന്തിര ചികിത്സ ലഭിക്കാതെ തല്‍ക്ഷണം മരിക്കുകയും ചെയ്തു.

അതേസമയം ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ആറുമാസം ഗര്‍ഭിണിയായ യുവതി പ്രസവലക്ഷണങ്ങളോടെയാണ് ആശുപത്രിയിലെത്തിയതെന്നും രക്തസ്രാവമുണ്ടായിരുന്നെന്നും, ആശുപത്രിയില്‍ ഇന്‍ക്യുബേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് മെഡിക്കല്‍ ഓഫീസര്‍ ആര്‍എച്ച് വഖാസിയ അറിയിച്ചു. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഖോഖ്റ പൊലീസ് ഇന്‍സ്പെക്ടര്‍ ഡിഎം ചൗഹാന്‍ പറഞ്ഞു. ഡോക്ടറുടെ പ്രവൃത്തി കൃത്യവിലോപമായി കാണാനാവില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

click me!