
തിരുവനന്തപുരം:മായം കലര്‍ത്തിയ പാലുമായി അതിര്‍ത്തി കടക്കാൻ ശ്രമിച്ച രണ്ട് ടാങ്കറുകള്‍ കൊല്ലം തെൻമലയില്‍ പിടികൂടി.ചെക്ക്പോസ്റ്റിലെ ലാബിലാണ് മായം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി വഴി വ്യാപകമായ മായം കലര്‍ത്തിയ പാല്‍ വരുന്നുണ്ടെന്ന കണ്ടെത്തലിലാണ് ചെക്ക്പോസ്റ്റുകളില്‍ സര്‍ക്കാര്‍ ലാബ് സ്ഥാപിച്ചത്.
ദിവസനേ പാലുമായെത്തുന്ന നൂറ് കണക്കിന് വാഹനങ്ങളെ പരിശോധനയ്ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വീടു. കഴിഞ്ഞ ദിവസം രാത്രിയാണ് വികെപി മില്‍ക്ക് പ്രോഡക്റ്റ് എന്ന കമ്പനിയുടെ ടാങ്കറുകള്‍ പിടിച്ചെടുത്തത്. കൊല്ലം പാരിപ്പള്ളിയിലേക്കാണ് ഇവര്‍ പാല്‍ കൊണ്ട് പോയത്. ലക്ഷ്മി, ഇടനാട് എന്നീ പാല്‍പ്പാക്കറ്റുകളിലാണ് മായം കണ്ടെത്തിയത്. മാള്‍ട്ടോഡെക്സ്ട്രിൻ എന്ന നിരോധിത വസ്തുവാണ് പാലില്‍ ഉപയോഗിച്ചിരുന്നത്. ഇത് ഉപയോഗിച്ച പാല്‍ സ്ഥിരമായി കഴിച്ചാല്‍ ഉദരത്തില്‍ ക്യാൻസര്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
പിടിച്ചെടുത്ത വാഹനത്തില്‍ 8000 ലിറ്റര്‍ പാല്‍ ഉണ്ടായിരുന്നു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തില്‍ തെൻമല പൊലീസ് പാല്‍ കമ്പനിക്കെതിരെ കേസെടുത്തു. ഡയറി എക്സ്റ്റൻഷൻ ഓഫീസർ വര്‍ഗീസ്, ലാബ് അസിസ്റ്റന്റ് മനോജ്, ഓഫീസ് അസിസ്റ്റന്റ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് പാൽ വാഹനങ്ങൾ പിടികൂടിയത്. തെന്മലയിൽ അടുത്തിടെ ആരംഭിച്ച പാൽ പരിശോധന ചെക്പോസ്റ്റിൽ ആദ്യമായാണ് മായം കലർത്തിയ പാൽ പിടികൂടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam