തലശ്ശേരിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ച ദലിത്  യുവതികളും കൈക്കുഞ്ഞും മോചിതരായി

By Web DeskFirst Published Jun 18, 2016, 1:47 PM IST
Highlights

കണ്ണൂര്‍: സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചു എന്ന കുറ്റം ചുമത്തി തലശ്ശേരിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ച ദലിത് യുവതികളും കൈക്കുഞ്ഞും. മോചിതരായി. എല്ലാ ശനിയാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടികളുടെ അച്ഛന്‍ എന്‍ രാജനാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ജാമ്യ ഹര്‍ജി നല്‍കിയത്. 

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ എന്‍ രാജന്റെ മക്കളായ കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.  ഒന്നര വയസ്സുള്ള കൈക്കുഞ്ഞിനൊപ്പമാണ് അഖിലയെ ജയിലിലടച്ചത്. ജാതിപ്പേര് വിളിച്ച് നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സഹികെട്ടിട്ടാണ് കുട്ടിമാക്കൂലിലെ പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തതെന്ന് പെണ്‍കുട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  സംഭവത്തില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. 

മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അഖിലയെയും അഞ്ജനയെയും തലശ്ശേരി എസ്‌ഐ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടികളെ രണ്ടാഴ്ചത്തേക് റിമാന്‍ഡ് ചെയ്യുകയും ചെയ്തുസംഘം ചേര്‍ന്ന് മാരകമായി പരുക്കേല്‍പ്പിക്കുക, അതിക്രമിച്ച് കടക്കുക, മാരകായുധങ്ങള്‍ കൈവശം വെക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജാമ്യമില്ലാ വകുപ്പുകളായ ഐപിസി 323 മനപ്പൂര്‍വ്വം ആക്രമിച്ചു പരിക്കേല്‍പിക്കല്‍, 324 മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകളുമാണ് ചുമത്തിയത്. തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്..

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ. തിരുവങ്ങാട് മേഖല സെക്രട്ടറിയും സിപിഐഎം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പൊലീസ് യുവതികള്‍ക്കെതിരെ കേസെടുത്തത്. 

വീടിന് അടുത്തുള്ള കടയില്‍ സാധനം വാങ്ങാനെത്തിയ തങ്ങളെ സമീപത്തെ പാര്‍ട്ടി ഓഫീസിലിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ജാതിപേര് വിളിച്ച് കളിയാക്കിയതായി യുവതികള്‍ വ്യക്തമാക്കിയിരുന്നു. അപമാനം അസഹ്യമായതോടെ പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തു. ഇതിന് പിറകെ രാത്രി പെണ്‍കുട്ടികളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. രാജന്റെ വീടും കാറും ആക്രമിക്കുകയും കാറിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.

click me!