
തിരുവനന്തപുരം: അയപ്പജ്യോതിയില്‍ രാഷ്ട്രീയമുണ്ടെന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള. ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം ഒന്നും ഇല്ലാതക്കാന്‍ ഇവിടെ ആരും ശ്രമിക്കുന്നതായി അറിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.
വിശ്വാസം ഇല്ലാതാക്കാന്‍ കുറെയാളുകള്‍, സംരക്ഷിക്കാന്‍ കുറെയാളുകള്‍ എന്നിങ്ങനെയൊന്നും പങ്കുവെയ്ക്കാന്‍ ഇപ്പോള്‍ ഇവിടെയൊരു സാഹചര്യമുണ്ടായിട്ടില്ല. വിശ്വാസം സംരക്ഷിക്കുന്നതിന്‍റെ കുത്തക ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ പ്രസ്ഥാനത്തിനോ വിട്ടുകൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വിശ്വാസം ഉള്ളയാളാണ്. എന്നാല്‍ ജ്യോതി നടത്തിയവരോട് യോജിക്കാന്‍ കഴിയില്ല. അവര്‍ അത് രാഷ്ട്രീയമാക്കുകയാണ്. അതില്‍ രാഷ്ട്രീയമുണ്ടാകാന്‍ പാടില്ല. എന്‍എസ്എസ് ഔദ്യോഗികമായി അയ്യപ്പജ്യോതിയോട് സഹകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. എൻഎസ്എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.
നേരത്തെ, ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം അയ്യപ്പജ്യോതിയിൽ പങ്കെടുക്കില്ല എന്നും പ്രഖ്യാപിച്ചിരുന്നു.
വനിതാ മതിലിൽ പാർട്ടി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കും. എൽഡിഎഫും കേരളാ കോൺഗ്രസും ഇനി രണ്ടല്ല. അതുകൊണ്ട് വനിതാമതിലിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കൂടിയായ ആർ.ബാലകൃഷ്ണപിള്ള നേരത്തേ ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എൽഡിഎഫ് പ്രവേശനത്തിന് ശേഷം എൻഎസ്എസ് നേതാവ് കൂടിയായ ആർ ബാലകൃഷ്ണപിളള തന്‍റെ സമുദായ നേതൃത്വത്തിന് കടകവിരുദ്ധമായ രാഷ്ട്രീയ തീരുമാനമാണ് എടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam