
കോഴിക്കോട്: മധ്യവേനവലധിക്കാലത്ത് സ്കൂളുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ സ്കൂളുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
ചില സ്കൂളുകളില്‍ മധ്യവേനലവധിക്ക് ക്ലാസുകള്‍ നടത്താനുള്ള നടപടി സ്വീകരിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്‍റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
അവധി ദിനങ്ങളിലും പഠന പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് വിഘാതമാവും എന്നത് കൊണ്ടാണ് ഇത്തരമൊരു നിരോധനം. മധ്യേവേനലവധിക്ക് ക്ലാസുകള്‍ നടത്തുന്ന സ്കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഇത്തരത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വഴി ക്ലാസില്‍ വച്ചോ വഴിയാത്രയ്ക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ച്ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് അധ്യാപകര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്തിപരമായി തന്നെ ഉത്തരവാദിത്വം വഹിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
എന്നാല്‍ മദ്ധ്യവേനലവധിക്ക് പരമാവാധി ഏഴ് ദിവസമുള്ള ക്യാമ്പുകള്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കാന്‍ അനുമതിയുണ്ട്. പക്ഷേ ഉപജില്ലാ അല്ലെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഇതിനായി അനുമതി വാങ്ങണം. അനുമതി നല്കുന്ന ഓഫീസര്‍ സ്കൂളില്‍ നേരിട്ട് സന്ദര്‍ശിച്ച് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാന്‍, ശുചിമുറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് പ്രത്യേകം ഉറപ്പ് വരുത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam