ബാണാസുര ഡാമിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് അമിതനിരക്ക് ഈടാക്കുന്നതായി പരാതി

By Web DeskFirst Published Jun 4, 2018, 9:25 PM IST
Highlights
  • സഞ്ചാരികളില്‍ നിന്ന് അമിതനിരക്ക് ഈടാക്കുന്നതായി പരാതി

വയനാട്: പുഷ്‌പോത്സവത്തിന്‍റെ പേരില്‍ ബാണാസുര ഡാം കാണാനെത്തുന്ന സഞ്ചാരികളില്‍ നിന്ന് അമിതനിരക്ക് ഈടാക്കുന്നതായി പരാതി. ഡാം സന്ദര്‍ശിക്കാന്‍ സാധാരണ നിരക്ക് 30 രൂപയാണ്. എന്നാല്‍ പുഷ്‌പോത്സവം ആരംഭിച്ചതോടെ ഇത് 60 രൂപയായി ഉയര്‍ത്തിയെന്നാണ് പരാതി. അതിനാല്‍ പുഷ്‌പോത്സവം കാണാന്‍ താല്‍പ്പര്യമില്ലാത്തവരും 60 രൂപ ടിക്കറ്റ് എടുക്കുകയാണിപ്പോള്‍. 

ഒന്നര മാസം മുമ്പ് ആരംഭിച്ച പുഷ്‌പോത്സവം മെയ് 31ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ജൂണ്‍30 വരെ നീട്ടുകയായിരുന്നു. മഴ തുടങ്ങിയതോടെ പൂക്കളില്‍ നല്ലൊരു ഭാഗവും ചീഞ്ഞ് നശിച്ചെന്ന് സഞ്ചാരികളില്‍ ചിലര്‍ പറയുന്നു. സ്റ്റാളുകളില്‍ പകുതിയും അടച്ചിട്ടുമുണ്ട്. തുടക്കത്തില്‍ പരിപാടിയില്‍ ഉണ്ടായിരുന്ന പല വിനോദങ്ങളും ഇല്ലാതായിട്ടും ഫീസില്‍ കുറവ് വരുത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലത്രേ. 

പെരുന്നാള്‍ ദിനത്തിലേക്കാണ് മഴക്കാലമായിട്ടും പുഷ്‌പോത്സവം നീട്ടിയിരിക്കുന്നത്. അതേ സമയം ടിക്കറ്റ് നിരക്കിന്‍റെ നല്ലൊരു ഭാഗവും സ്വകാര്യ നഴ്‌സറി ഉടമകള്‍ക്കുള്ളതാണെന്ന് സഞ്ചാരികള്‍ ആരോപിക്കുന്നു. തുടക്കത്തില്‍ ദിവസവും അയ്യായിരത്തിനടുത്ത് സഞ്ചാരികളാണ് പുഷ്‌പോത്സവം, ഡാം എന്നിവ കാണാനായി എത്തിയിരുന്നത്. മെയ് അവസാനത്തോടെ ഇത് 10000 എന്ന തോതില്‍ ഉയര്‍ന്നു. എന്നാല്‍ മഴ ശക്തമായത് പുഷ്‌പോത്സവത്തിന്റെ നിറം കെടുത്തുകയും കാണികള്‍ കുറയുകയും ചെയ്തു.

പുഷ്‌പോത്സവത്തിന് കാണികള്‍ കുറഞ്ഞിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാത്തതിനെതിരെ യുവജനസംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ടൂറിസം വകുപ്പ്, നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവരാണ് പരിപാടിയുടെ സംഘാടകര്‍.

click me!