മുപ്പതാം മേളക്ക് തിരശ്ശീലവീണതോടെ അക്കാദമി ചെയർമാനെതിരെ ഉയരുന്നത് വലിയ അമർഷം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമക്കുള്ള വിലക്കിനെ ന്യായീകരിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്കെതിരെ ഇടത് ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർക്ക് അമർഷം. കേന്ദ്ര സ‍ർക്കാർ തീരുമാനത്തെ എതിർക്കുന്നവർ ഇന്ത്യക്കാരാണോ എന്ന റസൂൽ പൂക്കൂട്ടിയുടെ ചോദ്യമാണ് കടുത്ത വിമർശനത്തിനിടയാക്കുന്നത്. അതേ സമയം വിലക്കിന് മുഖ്യമന്ത്രി തന്നെ വഴങ്ങിയതോടെ ചെയർമാനെ എന്തിന് പഴിക്കുന്നുവെന്ന ചോദ്യവും ഉയരുന്നു.

കൃത്യസമയത്ത് അക്കാ‍ഡമി സിനിമകളുടെ അനുമതിക്കായി അപേക്ഷിച്ചില്ലെന്ന ആക്ഷേപത്തിനൊപ്പമാണ് ചെയർമാൻറെ അഭാവവും വിമർശകർ ഉന്നയിച്ചത്.മേള തുടങ്ങാനിരിക്കെ അക്കാദമി തലപ്പത്തെ മാറ്റം ഗുണം ചെയ്തില്ലെന്നാണ് ഇടത് അനുകൂല ചലച്ചിത്ര പ്രവർത്തകരടക്കം പറയുന്നത്. എന്നാൽ അനുമതിയില്ലാത്ത സിനിമ കാണിക്കുമെന്ന് പ്രഖ്യാപിച്ച് ഒടുവിൽ വഴങ്ങിയ മുഖ്യമന്ത്രിക്കെതിരെ എന്ത് കൊണ്ട് സാംസ്കാരിക പ്രവർത്തകർക്ക് മൗനമെന്നാണ് പൂക്കൂട്ടിയെ അനുകൂലിക്കുന്നവരുടെ ചോദ്യം.

കേന്ദ്ര ഭീഷണിക്ക് വഴങ്ങി 6 സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചാൽ ചെയർമാൻ എന്തിന് മറികടക്കണമെന്ന വാദവുമുണ്ട്.