ബംഗളുരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍ മരിച്ച നിലയില്‍

By Web DeskFirst Published Jun 28, 2016, 5:03 AM IST
Highlights

ബംഗളുരു: നഗരത്തിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍ ഭാരതി(40) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തിങ്കളാഴ്‌‌ച രാത്രിയയോടെ സഞ്ജയാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നാഗഷെട്ടി ഹള്ളിയിലുള്ള ഭാരതിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഭാരതിയുടെ ടാക്‌സി കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന്ധ്രാ സ്വദേശിയായ ഭാരതി ബംഗളുരുവില്‍ ഒറ്റയ്‌ക്കായിരുന്നു താമസം. ബംഗളുരുവിലെ ജോലി മതിയാക്കി സ്വദേശത്ത് മടങ്ങാനാരിക്കവെയാണ് ഭാരതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭാരതി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നതെങ്കിലും, വാതില്‍ തുറന്നുകിടന്നതും, മൃതദേഹത്തിലെ മുറിവുകളും സംശയത്തിന് ഇട നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാരതിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നാണ് സുഹൃത്തുക്കളും അവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയും പറയുന്നത്. അതേസമയം ഭാരതിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടെടുത്തിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷമായി ഭാരതി ബംഗളുരുവിലായിരുന്നു താമസിച്ചത്. ഒരു എന്‍ ജി ഒയില്‍ ജോലി ചെയ്‌തുവന്ന ഭാരതി അടുത്തിടെയാണ് ടാക്‌സി ഡ്രൈവറായത്. ബംഗളുരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍ എന്ന നിലയില്‍ ഇതിന് വലിയ വാര്‍ത്താപ്രാധാന്യമാണ് അന്ന് ലഭിച്ചിരുന്നത്.

click me!