നെടുമ്പാശേരിയില്‍ പത്തുലക്ഷം രൂപയുടെ അസാധുനോട്ടുകള്‍ പിടികൂടി

By Web DeskFirst Published Nov 24, 2016, 5:48 PM IST
Highlights

കൊച്ചി: പത്തു ലക്ഷം രൂപ വിലവരുന്ന അസാധുവാക്കിയ  നോട്ടുകള്‍ നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. നോട്ടുമായി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ കണ്ണൂര്‍ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ പാനൂര്‍ സ്വദേശി അബ്ദുള്‍ സലാമിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച പത്തു ലക്ഷം രൂപയുടെ റദ്ദാക്കിയ നോട്ടുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഏഴു ലക്ഷം രൂപ വില വരുന്ന ആയിരത്തിന്റെ നോട്ടുകളും മൂന്നു ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടികൂടിയത്. ടോയ്‌ലെറ്റ് നാപ്കിനുകളിലും സോപ്പുപെട്ടിയിലുമായാണ് ഇയാള്‍ നോട്ട് കെട്ടുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നാല് ദിവസം മുമ്പാണ് ഇയാള്‍ ദുബായിലേക്ക് പോയത്. നോട്ട് കടത്തുന്നതിന് ഇടനിലക്കാരനായിരുന്നു സലാമെന്ന് കസ്റ്റംസ് കമ്മീഷണര്‍ കെ എന്‍ രാഘവന്‍ പറഞ്ഞു.

10 ലക്ഷം രൂപ നാട്ടിലെത്തിക്കുന്നതിനായി 20000 രൂപ കമ്മീഷന്‍ ലഭിച്ചുവെന്ന് ഇയാള്‍ മൊഴി നല്‍കി. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.

click me!