തമിഴ്‌നാട്ടില്‍ ഇന്ന് പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും

By Web DeskFirst Published Oct 6, 2017, 1:56 AM IST
Highlights

ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ബിജെപി എംപിയും മുന്‍ ആസാം ഗവര്‍ണറുമായിരുന്ന ബന്‍വാരി ലാല്‍ പുരോഹിതാണ് തമിഴ്‌നാടിന്റെ പുതിയ മുഴുവന്‍ സമയ ഗവര്‍ണര്‍. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്‍മേലുള്ള കേസില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേള്‍ക്കുന്നതും ഇന്നാണ്. 

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം സ്ഥിരഭരണം തമിഴ്‌നാട്ടിലുണ്ടായിട്ടില്ല. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ പിളര്‍ന്നും ലയിച്ചും വീണ്ടും പിളര്‍ന്നും പ്രതിസന്ധിയിലായപ്പോള്‍ തകിടം മറിഞ്ഞത് ഭരണസംവിധാനം കൂടിയാണ്. ലയനം നടന്നെങ്കിലും ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍ക്കിടയില്‍ ഇപ്പോഴും അധികാരത്തിനു വേണ്ടിയുള്ള വടംവലി നടക്കുന്നുണ്ട്. 

ഇതിന്റെ ആദ്യപടിയായി ഒപിഎസ് പക്ഷവുമായി അടുത്ത ബന്ധമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ രാജരത്തിനത്തോടും ഗവണ്‍മെന്റ് പ്ലീഡര്‍ എം കെ സുബ്രഹ്മണ്യത്തോടും രാജി വെച്ചു പോകാന്‍ ഇപിഎസ് ആവശ്യപ്പെട്ടുവെന്നാണ് സൂചന. രാജരത്തിനം തിങ്കളാഴ്ചയും, സുബ്രഹ്മണ്യം ഇന്നലെയും രാജി സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പുള്‍പ്പടെയുള്ളവ കോടതിയുടെ പരിഗണനയിലാണ്. തുലാസ്സിലായ സര്‍ക്കാരിന്റെ ഭാവിയില്‍ ഗവര്‍ണര്‍ക്ക് നിര്‍ണായകമായ റോളുണ്ട്. 

ഈ സാഹചര്യത്തിലാണ് വിശ്വസ്തനായ മുന്‍ പാര്‍ലമെന്റേറിയനെത്തന്നെ മുഴുവന്‍ സമയ ഗവര്‍ണറായി എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ചത്. 18 എംഎല്‍എമാര്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണ പിന്‍വലിച്ചപ്പോഴും ഭരണപക്ഷത്ത് പിളര്‍പ്പുണ്ടായപ്പോഴും ഇടപെടാതെ പക്ഷപാതിത്വം കാണിച്ചെന്ന് മുന്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനെതിരെ ഡിഎംകെ കോടതിയില്‍ വരെ ആരോപണമുന്നയിച്ചതാണ്. 

തമിഴ്‌നാടിന്റെ അധികച്ചുമതല വഹിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ സങ്കീര്‍ണമായ രാഷ്ട്രീയസാഹചര്യത്തെയാണ് നേരിടേണ്ടി വന്നത്. രാഷ്ട്രീയനാടകങ്ങള്‍ ഉടനെയൊന്നും അവസാനിക്കില്ലെന്നിരിയ്‌ക്കെ പുതിയ ഗവര്‍ണറെ കാത്തിരിയ്ക്കുന്നതും നിര്‍ണായകദിനങ്ങള്‍ തന്നെയാകും.

click me!