കുഞ്ഞിക്കൃഷ്ണന്റെ സുരക്ഷയുടെ കാര്യം കോടതി തീരുമാനിക്കട്ടെ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
കണ്ണൂർ: പയ്യന്നൂരിലെ ഉൾപാർട്ടി പ്രശ്നം ചർച്ച ചെയ്യുന്ന തന്റെ പുസ്തകം പുറത്തിറങ്ങിയാലും സിപിഎം തിരുത്തുമെന്ന് തോന്നുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണൻ. തന്റെ വാദങ്ങൾ അംഗീകരിക്കുന്നവർ പാർട്ടിയിൽ കൂടുകയാണെന്നും കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുഞ്ഞിക്കൃഷ്ണന്റെ സുരക്ഷയുടെ കാര്യം കോടതി തീരുമാനിക്കട്ടെ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മുതൽ ഭൂമിയുടെ ഇടപാടിലെ കൊള്ള വരെ. എല്ലാം തുറന്നു പറഞ്ഞിട്ടും, പറഞ്ഞതിന് പാർട്ടിക്കുള്ളിൽ പിന്തുണ കണ്ടിട്ടും തന്നെ പുറത്താക്കിയ പാർട്ടി തിരുത്തുമെന്ന് പ്രതീക്ഷയില്ലെന്ന് പറയുന്നു വി കുഞ്ഞികൃഷ്ണൻ. വെളിപ്പെടുത്തലിനു പിന്നാലെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചും പ്രകടനം വിളിച്ചു വെല്ലുവിളിച്ച സിപിഎം പുസ്തക പ്രകാശനവും അലങ്കോലമാക്കും എന്ന ആശങ്കയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ പയ്യന്നൂരിൽ നടന്ന സത്യാഗ്രഹ സമരത്തിൽ വി കുഞ്ഞികൃഷ്ണനെ കോൺഗ്രസും സ്വാഗതം ചെയ്തു. എന്നാൽ മറ്റൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഇനിയങ്ങോട്ടുള്ള പൊതുപ്രവർത്തനം സാഹചര്യത്തിനൊത്ത് ഒത്തു തീരുമാനിക്കുമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കുഞ്ഞികൃഷ്ണനുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഒഴിഞ്ഞുമാറി. ബുധനാഴ്ച വൈകീട്ട് പയ്യന്നൂർ ഗാന്ധി പാർക്കിലാണ് വി കുഞ്ഞി കൃഷ്ണന്റെ പുസ്തക പ്രകാശനം. ഹൈക്കോടതി നിർദ്ദേശ പ്രകാരം ചടങ്ങിന് പൊലീസ് സുരക്ഷ ഒരുക്കും.


