എസ് ഐയെ പിന്തുണച്ച് അഭിഭാഷകര്‍

By Web DeskFirst Published Jul 30, 2016, 5:21 PM IST
Highlights

കോഴിക്കോട്: മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്ത എസ് ഐയെ പിന്തുണച്ച് ബാര്‍ അസോസിയേഷന്‍ പ്രമേയം. സസ്‍പെന്‍ഷനിലായ ടൗണ്‍ എസ് ഐ വിമോദിനെ അനുകൂലിച്ച് കോഴിക്കോട് ബാര്‍ അസോസിയേഷനാണ് പ്രമേയം പാസാക്കിയത്.

കോടതി വളപ്പിൽ കുഴപ്പമുണ്ടാക്കിയത് മാധ്യമപ്രവർത്തകരാണെന്നും ടൗൺ എസ്ഐ പി എം വിമോദ് സമയോചിതമായി ഇടപെടുകയായിരുന്നെന്നുമാണ് പ്രമേയം പറയുന്നത്.
മാധ്യമപ്രവർത്തകർ പൊലീസിനോട് മോശമായിട്ടാണ് പെരുമാറിയതെന്നു കുറ്റപ്പെടുത്തുന്ന പ്രമേയം പൊലീസ് നടപടിയെടുത്തില്ലെങ്കിൽ സംഘർഷം ഉണ്ടാകുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.

ഐസ്ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ മാധ്യമപ്രവർത്തകർക്കു പ്രവേശനം നിഷേധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാൻ അഭിലാഷ് തുടങ്ങിയവരെ കോടതി വളപ്പിൽനിന്നും ടൗൺ എസ്ഐ പി എം വിമോദും സംഘവും ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരെ തടയാൻ ജില്ലാ ജഡ്ജിയുടെ നിർദേശമുണ്ടെന്നു കള്ളം പറഞ്ഞായിരുന്നു നടപടി.

എന്നാൽ ഇത്തരമൊരു ഉത്തരവ് നൽകിയിട്ടില്ലെന്ന് കോടതി അധികൃതർ വ്യക്തമാക്കി. നടന്ന സംഭവങ്ങള്‍ പൊലീസിന്‍റെ പിഴവ് കൊണ്ട് സംഭവിച്ചതാണെന്നും ആര്‍ക്കുമെതിരെ കേസെടുക്കില്ലെന്നും ടൗണ്‍ സി ഐ അറിയിച്ചു.

തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഹനം തിരിച്ചെടുക്കാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലീസ് വീണ്ടും ആക്രമിച്ചു. ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടൗണ്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ബിനുരാജ്, അഭിലാഷ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെ മര്‍ദ്ദിച്ചത്.

കേസൊന്നുമില്ലെങ്കിലും വാഹനം കൊണ്ടുപോകാനാവില്ലെന്നു പറഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെ കാത്ത് സ്റ്റേഷന് മുന്നില്‍ നില്‍ക്കുകയായിരുന്ന സംഘത്തെ വീണ്ടും ആക്രമിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി. പൊലീസിന് നിങ്ങളെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ എസ് ഐ വിമോദ് അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കയറാതെ സ്റ്റേഷന്റെ മുന്‍ വാതില്‍ പോലീസുകാര്‍ അകത്ത് നിന്ന് പൂട്ടി കാവല്‍ നിന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മറ്റ് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ഇന്റലിജന്‍സ് എഡിജിപിയോട് സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹറ ആവശ്യപ്പെട്ടു. എസ്ഐ വിമോദ് പരിധിവിട്ട് പ്രവര്‍ത്തിച്ചെന്നും ആരുടെയും നിര്‍ദ്ദേശമില്ലാതെയാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതെന്നുമുള്ള എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ് ഐയെ ഉടന്‍ സസ്പെന്റ് ചെയ്യാന്‍ ഡിജിപി ഉത്തരവിട്ടത്. സംഭവങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നതിനിടയിലാണ് അഭിഭാഷകര്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.

ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ രംഗത്തിറക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ശ്രമം തുടങ്ങിയതായി സൂചനകളുണ്ട്. ചില അഭിഭാഷകരുടെ വാട്‍സ് ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഗ്രൂപ്പുകളിലേക്ക് ഇതിനായുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്നാണ് വിവരം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യോജിച്ച പോരാട്ടത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചനകള്‍.

 

click me!