എല്‍ ഡി എഫ് പരസ്യമായി മാപ്പ് പറയണം: ബാര്‍ കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് എം എം ഹസ്സന്‍

By Web DeskFirst Published Mar 5, 2018, 1:57 PM IST
Highlights

എൽ.ഡി.എഫ് നിയമ സഭയ്ക്ക് അകത്തും പുറത്തും കാട്ടിക്കൂട്ടിയ അക്രമങ്ങൾക്ക് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കെട്ടിച്ചമച്ചതാണെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്‍.  മാണിക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ബാര്‍ക്കോഴക്കേസ് കെട്ടിച്ചമതെന്ന് തെളിഞ്ഞെന്ന് എം എം ഹസ്സന്‍ പറഞ്ഞു. ഇതിന്‍റെ പേരിൽ എൽ.ഡി.എഫ് നിയമ സഭയ്ക്ക് അകത്തും പുറത്തും കാട്ടിക്കൂട്ടിയ അക്രമങ്ങൾക്ക് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും ഹസ്സന്‍ പറഞ്ഞു. 

ബാര്‍ കോഴ കേസില്‍ മൂന്നാം തവണയാണ് കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  മാണിക് ക്ലീന്‍ ചിറ്റ്  നല്‍കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് തിരുവനന്തപുരം വിജില്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. 

ബാര്‍ ഉടമയായ ബിജു രമേശിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാറുകള്‍ തുറന്നു നല്‍കാന്‍  വീട്ടിലും മറ്റിടങ്ങളിലുമായി പണം നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് യാതൊരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് രണ്ടുതവണ മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിമര്‍ശിച്ച കോടതി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി തീര്‍ന്ന പശ്ചാത്തലത്തിലാണ് വിജില‍ന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിജിലന്‍സിന്‍റ മുന്‍ മേധാവി ശങ്കര്‍ റെഡ്ഡിയും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും ഇരുവരെയും വിജിലന്‍സ് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഈ കേസില്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.
 

click me!