കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്.
കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകള്‍ ഉള്ളതായി പൊലീസ് പരിശോധനയില്‍ വ്യക്തമായി. കാസർകോട് നഗരത്തിന് സമീപം നുള്ളിപ്പാടിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലാണ് കർണാടക സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിന്റെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം. കെട്ടിടത്തില്‍ ചിലര്‍ കിടന്നുറങ്ങുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധിക്കാൻ കെട്ടിട ഉടമ എത്തിയപ്പോഴാണ് ഒരാള്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഉടമ പോലീസിനെ വിവരം അറിയിച്ചു.
കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹത്തില്‍ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകള്‍ ഉള്ളതായി പൊലീസ് പരിശോധനയില്‍ വ്യക്തമായി. സമീപം ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം എന്ന സംശയമാണ് ബലപ്പെടുന്നത്. ബംഗ്ളൂരു സ്വദേശിയായ മഞ്ചുനാഥ എന്നായാളാണ് മരിച്ചതെന്നാണ് നിഗമനം. സ്ഥലത്തു നിന്നു ലഭിച്ച ആധാര്‍ കാര്‍ഡാണ് ഇത്തരമൊരു സംശയത്തിനു കാരണം. ഇയാള്‍ ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
