
തൃശൂര്‍: കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ബാര്‍ കോഴയില്‍ മാണിക്കെതിരെ പ്രധാന ആരോപണമുന്നയിച്ച സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ നടക്കുന്ന സെമിനാറിൽ കെഎം മാണി പങ്കെടുക്കും.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിൾ മാത്യു നല്കിയ ഹർജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി , ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. നിലവില്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്. മാണിയെ പ്രൊസിക്യൂട്ട് ചെയ്യാൻ വിജിലന്‍സിന് താല്‍പ്പര്യം ഇല്ലെന്ന് ഹര്‍ജിയില് പറയുന്നു.
പലതവണ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും കോടതി ഇടപെട്ട് തുടര്‍ അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാവാണ് കെഎം മാണിയെന്നും നാല് തവണ മന്ത്രിയായിരുന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം മുന്നണി വിപുലീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മാണി സിപിഎം വേദിയിലെത്തുന്നത്. മാണിയെ ഇടതുമുന്നണിയില്‍ അടുപ്പിക്കില്ലെന്ന നിലപാടിലാണ് സിപിഐ. ഇടതുമുന്നണി പ്രവേശന നീക്കത്തെ ശക്തമായി എതിർക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള, കേരളാ കോൺഗ്രസ്സ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള എന്നിവരും പങ്കെടുക്കും. വൈകീട്ട് അഞ്ചരയ്ക്കാണ് സെമിനാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam