ഉത്തരേന്ത്യയിലെ ദളിത് കലാപം നിയന്ത്രിക്കാന്‍ പട്ടാളം; മരണം 9

By Web DeskFirst Published Apr 3, 2018, 10:52 AM IST
Highlights
  • മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ കലാപം നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോയതോടെയാണ് സര്‍ക്കാര്‍ പട്ടാളത്തിന്‍റെ സഹായം തേടിയത്

ദില്സി:  പട്ടികജാതി- പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കെതിരായുളള (അതിക്രമം തടയല്‍) നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച്ച ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ തുടര്‍ന്നുണ്ടായ കലാപം തടയാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പട്ടാളത്തെ വിളിച്ചു. കലാപത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. പട്ടാളം കലാപബാധിത പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. 

കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച മധ്യപ്രദേശില്‍ മരണം ആറായി. ഉത്തര്‍പ്രദേശില്‍ രണ്ടും, രാജസ്ഥാനില്‍ ഒരാളും കൊല്ലപ്പെട്ടു. നിരപരാധികളെ ഭീഷണിപ്പെടുത്താനും നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കാനും പട്ടികജാതി- പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കെതിരായുളള നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയത്.

മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ കലാപം നിയന്ത്രണാധീതമായതോടെയാണ് പട്ടാളത്തിന്റെ സഹായം തേടിയത്. സുപ്രീംകോടതി വിധി പട്ടികജാതി - പട്ടികവര്‍ഗ്ഗ നിയമത്തെ ബലഹീനമാക്കുമെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. മാര്‍ച്ച് 20 ന് ഒരു കേസിന്റെ വിധിപറയുന്നതിനിടെയാണ് ഇത്തരത്തിലൊരു പരാമര്‍ശം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

തിങ്കളാഴ്ച്ച നടന്ന ഭാരത് ബന്ദിന് കോണ്‍ഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദളിതരുടെ ക്ഷേമത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും കലാപത്തിനിടെയില്‍ നടന്ന മരണങ്ങളില്‍ അതീവ ദു:ഖമുണ്ടെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു.

click me!