സ്‌പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്ക് വീണ്ടും സമനിലക്കുരുക്ക്

By Web DeskFirst Published Nov 28, 2016, 1:51 AM IST
Highlights

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് വീണ്ടും സമനിലക്കുരുക്ക്. റയല്‍ സോസിഡാഡാണ് ബാഴ്‌സയെ 1-1 ന് സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരാല്ലാത്ത മൂന്ന് ഗോളിന് ഒസാസുനയെ തകര്‍ത്തു.

റയല്‍ സോസിഡാഡിന്റെ തട്ടകമായ അനോയേറ്റയില്‍ വീണ്ടും ബാഴ്‌സക്ക് നിരാശ. തുടര്‍ച്ചയായ പത്തൊമ്പതാം മത്സരത്തിലും ജയം നേടാന്‍ മെസിപ്പടക്കായില്ല. റഫറിയുടെ പിഴവും പിന്നെ ഭാഗ്യവുമാണ് സ്പാനിഷ് ചാംപ്യന്മാരെ തോല്‍വിയെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അമ്പത്തി മൂന്നാം മിനിറ്റില്‍ വില്ല്യന്‍ ഹോസിലൂടെ സോസിഡാഡാണ് ആദ്യം മുന്നിലെത്തിയത്. ഒന്ന് ഞെട്ടിയെങ്കിലും മെസിയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു.

ലൈന്‍സ്മാന്റെ തെറ്റായ ഓഫ് സൈഡ് വിളി സോസിഡാഡിന് അര്‍ഹിച്ച മൂന്ന് പോയിന്റാണ് നിഷേധിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയ ബാഴ്‌സക്ക് ഇനി നേരിടേണ്ടത് എല്‍ക്ലാസികോയില്‍ റയല്‍ മാഡ്രിസിനെയാണ്. പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ ഹാട്രിക് കിരീടത്തിനായി ബാഴ്‌സ ലക്ഷ്യം വയ്‌ക്കേണ്ട.

മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഒസാസുനയെ അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചു. ഗോഡിന്‍, ഗമീറോ, കരാസ്‌കോ എന്നിവരാണ് സ്‌കോറര്‍മാര്‍.  

പോയിന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാം സ്ഥാനത്തും അത്‌ലറ്റികോ മൂന്നാമതുമാണ്. 33 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

click me!