
കോഴിക്കോട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹം കൂടുതല്‍ ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കുപ്പുദേവരാജന്റെ സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്ന മലയാളി സോമന്റെ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയേക്കും.
കുപ്പുദേവരാജന്റെയും അജിതയുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപ്ത്രിയില്‍ ഇന്ന് രാത്രി വരെ സൂക്ഷിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീങ്ങുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ഈ സാഹചര്യത്തിലാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അനന്തര നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. സംഭവത്തകുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണത്തെ ബന്ധു്കകളും,മനുഷ്യാവകാശ പ്രവര്‍ത്തകരും എതിര്‍ത്തു.ഏത് അസ്വാഭാവിക മരണത്തിലും സ്വീകരിക്കുന്ന സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.
ഇതിനിടെ കുപ്പുദേവരാജന്റെ സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്ന വയനാട് കല്‍പറ്റ സ്വദേശി സോമനെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസ് കസ്റ്റഡിയില്‍ തന്നെ സോമന്‍ ഉള്‍പ്പടെയുള്ള സംഘം ഉണ്ടെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് ബന്ധുക്കള്‍ ആലോചിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam