
വയനാട്: ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്. വനത്തിനുള്ളിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതശരീരം കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. റോഡിൽ നിന്ന് കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. നാലടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടി വനത്തിനുള്ളിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പ്രതികളിലൊരാളായ അജേഷുമായി എത്തിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക കുറ്റകൃത്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
മിസിംഗ് കേസായിട്ടാണ് ആദ്യം ഈ കേസ് പൊലീസ് അന്വേഷിച്ചു തുടങ്ങുന്നത്. ഇതിനിടെ ഹേമചന്ദ്രന്റെ ഫോൺ പ്രതികൾ തുടർച്ചയായി ഉപയോഗിച്ച് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീടാണ് സംഭവത്തിൽ കുടുംബത്തിന് ദുരൂഹത തോന്നുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
പ്രതികള്‍ രണ്ട് പേരും വയനാട് സ്വദേശികളാണ്. ഇവരെ കസ്റ്റഡിയിലെടിുത്തിട്ടുണ്ട്. ഇവരിലൊരാളായ അജേഷിനെയും കൂടെ കൊണ്ടുവന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഇവിടം ചതുപ്പ് നിലമായതിനാലും തണുപ്പ് കൂടുതലുള്ള സ്ഥലമായിരുന്നതിനാലും മൃതശരീരം കൂടുതൽ അഴുകിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം എളുപ്പം തിരിച്ചറിയാനായി. എന്നാൽ ഡിഎൻഎ പരിശോധന ഉള്‍പ്പെടെ നടത്തി സ്ഥിരീകരണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചേരമ്പാടി വനമേഖലയിലെ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam