ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍ വിശാഖപട്ടണം

By Web DeskFirst Published May 18, 2017, 6:41 AM IST
Highlights

ദില്ലി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷന്‍ എന്ന പേര് ഇനി വിശാഖപട്ടണം സ്റ്റേഷന് സ്വന്തം. റെയില്‍വേ സ്‌റ്റേഷനുകളിലെ നിലവാരം കണക്കാക്കി നടത്തിയ സര്‍വേയിലാണ് വിശാഖപട്ടണം മുന്നിലെത്തിയത്‌.  സര്‍വേയില്‍  തെലങ്കാന റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം സ്ഥാനത്തും, ജമ്മു റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാം സ്ഥാനത്തുമെത്തിയപ്പോള്‍, ദില്ലി റെയില്‍വേ സ്‌റ്റേഷന്39-മത്തെ സ്ഥാനമാണ് നേടാനായത്. 

ബീഹാറിലെ ദര്‍ബംഗയാണ് ഏറ്റവും വൃത്തിഹീനമായ  സ്‌റ്റേഷന്‍. 75 റെയില്‍വേ സ്‌റ്റേഷനുകള്‍ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലാണ് വിവരം കണ്ടെത്തിയത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ സ്‌റ്റേഷനുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു സര്‍വേ. വാര്‍ഷിക വരുമാനം 50 കോടിക്ക് മുകളിലുള്ളവ A1 വിഭാഗത്തിലും, 6 കോടിക്കും 50 കോടിക്കും ഇടയിലുള്ളവ A2 വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയത്. സ്‌റ്റേഷനുകളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാത്തിലാണ് വ്യത്യസ്ഥ വിഭാഗങ്ങളായി തരം തിരിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപങ്ങളായ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയും, വ്യവസായ നയരൂപീകരണബോര്‍ഡും സംയുക്തമായാണ് രാജ്യത്തെ 407 റെയില്‍വേ സ്‌റ്റേഷനുകളില്‍ സര്‍വേ നടത്തിയത്. സ്‌റ്റേഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ശൗചാലയങ്ങളുടെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, യാത്രക്കാരുടെ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വേ.

click me!