ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്; രവി പൂജാരിയെ പ്രതിചേർത്തു, അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

By Web TeamFirst Published Feb 2, 2019, 12:38 PM IST
Highlights

ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേരേയായിരുന്നു നേരത്തെ പ്രതിചേർത്തത്. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അധോലോക കുറ്റവാളിക്കെതിരായ നടപടി

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിചേർത്തു. മൂന്നാം പ്രതിയാക്കിയുള്ള റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ നൽകും. പിടിയിലായ രവി പൂജാരി സെനഗളില്‍ താമസിക്കുന്നതിനായി തരപ്പെടുത്തിയ വ്യാജ രേഖകളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായ രവി പൂജാരി തന്നെയാണ് കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലീസിന്റെ നടപടി. ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേരേയായിരുന്നു നേരത്തെ പ്രതിചേർത്തത്. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അധോലോക കുറ്റവാളിക്കെതിരായ നടപടി. വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടി ലീന മരിയ പോളിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും ഇന്റർനെറ്റ് കോള്‍ വിളിച്ചത് രവി പൂജാരി തന്നെയാണെന്നും കണ്ടെത്തിയിരുന്നു. 

ഈ ഫോൺ വിളികളുടെ ശബ്ദരേഖകൾ കേരള പൊലീസ് ,കർണാടക പൊലീസിന് കൈമാറിയിരുന്നു. ഓസ്ട്രേലിയയിൽ നിന്നെന്ന പേരിലുള്ള രവി പൂജാരിയുടെ ഇൻറർ നെറ്റ് കോളുകൾ കേന്ദ്രീകരിച്ച് കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.  സെനഗലിൽ പിടിയിലായ രവി പൂജാരിയെ 5 ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനോ ഫാസോയില്‍ രവി പൂജാരി കഴിഞ്ഞത് ആന്‍ണി ഫർണാണ്ടസ് എന്നപേരിലാണ്. മൈസൂരില്‍നിന്നാണ് വന്നതെന്നും കമേർഷ്യല്‍ ഏജന്‍റാണെന്നുമാണ് അധികൃതരെ അറിയിച്ചിരുന്നത്. 2013 ല്‍ ഇതിനായി തരപ്പെടുത്തിയ തിരിച്ചറിയല്‍ കാർഡാണിത്. 

അതേസമയം ബ്യൂട്ടിപാർലർ വെടിവയ്പ്പുകേസന്വേഷിക്കുന്ന തൃക്കാക്കര അസി കമ്മീഷണർ പിപി ഷംസിനെ സർക്കാർ സ്ഥലംമാറ്റി. കേസന്വേഷണം ഒന്നരമാസം പിന്നിടുമ്പോള്‍ കട്ടപ്പനയിലേക്കാണ് സ്ഥലംമാറ്റിയത്. ക്രൈംബ്രാഞ്ചുമായി ചേർന്ന് സംയുക്ത അന്വേഷണമായതിനാല്‍ സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നും തിരഞ്ഞെടുപ്പൊരുക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്നുമാണ് സർക്കാർ വിശദീകരണം. രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റ‍ഡിയില്‍ ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

click me!