പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കലുഷിതമായി പാകിസ്ഥാൻ

By Web DeskFirst Published Jul 23, 2018, 12:59 AM IST
Highlights
  • പാകിസ്ഥാൻ മുസ്ലീം ലീഗ് പ്രവർത്തകർ ചാരസംഘടനയായ ഐഎസ്ഐക്കും സൈന്യത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു

റാവല്‍പിണ്ടി: സൈന്യത്തിനും ചാരസംഘടനയായ ഐഎസ്ഐക്കും എതിരെ പ്രതിഷേധവുമായി നവാസ് ഷെരീഫിന്‍റെ പാർട്ടി രംഗത്തെത്തി. ഇതിനിടെ ദേരാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേറാക്രമണത്തിൽ തെഹ്‍രീകെ ഇൻസാഫ് പാർട്ടി സ്ഥാനാർത്ഥി കൊല്ലപ്പെട്ടു. 

റാവൽപിണ്ടിയിലെ സൈനികാസ്ഥാനത്തിന് മുന്പിൽ ഒത്തുകൂടിയ പാകിസ്ഥാൻ മുസ്ലീം ലീഗ് പ്രവർത്തകർ ചാരസംഘടനയായ ഐഎസ്ഐക്കും സൈന്യത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു. ഐഎസ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. പോളിംഗ് ബൂത്തുകളിൽ സൈന്യത്തെ നിയോഗിക്കാനുള്ള തീരുമാനത്തിനെതിരെ കൂടിയാണ് പ്രതിഷേധം. 

മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാന്‍റെ തെഹ്‍രീകെ ഇൻസാഫ് പാർട്ടിയെ സൈന്യം രഹസ്യമായി പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിനിടെയാണ് നവാസ് ഷെരീഫിന്‍റെ പാര്‍ട്ടി പ്രതിഷേധം ശക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളെ ലക്ഷ്യം വച്ചുള്ള ആക്രമങ്ങളും ഏറുകയാണ്. ദേരാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേറാക്രമണത്തിൽ തെഹ്രീകെ ഇൻസാഫ് പാർട്ടി സ്ഥാനാർത്ഥി സർദാർ ഇക്രാമുള്ള ഗൻദാപൂ‍ർ കൊല്ലപ്പെട്ടു. 

ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ മുൻ കൃഷി മന്ത്രി കൂടിയായ ഇക്രാമുള്ള തെര‍ഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കായി പുറപ്പെടുമ്പോഴാണ് വീടിന് സമീപം വച്ച് കൊല്ലപ്പെട്ടത്. ഇക്രാമുള്ളയുടെ ഡ്രൈവർക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ബന്നുവിലുണ്ടായ ആക്രമണത്തിൽ നിന്ന് JUI-F പാർട്ടി സ്ഥാനാർത്ഥി അക്രം ഖാൻ ദുറാനി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 10 ദിവസത്തിനിടെ ദുറാനിയെ ലക്ഷ്യം വച്ചുള്ള രണ്ടാമത്തെ ആക്രമണമാണിത്.

click me!